സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെയും ഭാര്യയുടെയും വോട്ട് ബിജെപി കള്ളവോട്ട് ചെയ്തു

ജോസ് ദേവസ്യയും ഭാര്യയും പ്രിസൈഡിങ് ഓഫീസർക്ക് നല്‍കിയ പരാതി (വലത് വശം)
പാലാ: സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെയും ഭാര്യയുടെയും വോട്ട് ബിജെപി സംഘം എത്തിച്ച വ്യാജ ദമ്പതിമാർ കള്ളവോട്ട് ചെയ്തതായി പരാതി. പാലാ നിയോജക മണ്ഡലത്തിലെ തലപ്പലം പഞ്ചായത്തിലെ പനയ്ക്കപ്പാലം സ്വാമിവിവേകാനന്ദ വിദ്യാലയത്തിലെ 85-ാം നമ്പർ ബൂത്തിൽ വ്യാഴാഴ്ച രാവിലെ 11ഓടെയാണ് സംഭവം. ഒരേ വീട്ടുപേരിലുള്ള ഒരേ പേരുകാരായ ദമ്പതിമാർ കള്ളവോട്ട് ചെയ്തതായാണ് പരാതി.
ഇഞ്ചോലിക്കാവ് ഉന്നതിയിൽ താമസക്കാരായ ആശാരിപറമ്പിൽ ജോസ് ദേവസ്യ (ക്രമ നമ്പർ 435), ഭാര്യ ലിസി ജോസ് (ക്രമ നമ്പർ 436) എന്നിവരുടെ വോട്ടാണ് ഇവർ എത്തും മുൻപേ കള്ളവോട്ട് ചെയ്തത്. സിപിഐ എം ഇഞ്ചോലിക്കാവ് ബ്രാഞ്ച് സെക്രട്ടറിയും എൽഡിഎഫ് ബൂത്ത് സെക്രട്ടറിയുമാണ് ജോസ് ദേവസ്യ. വോട്ടർ പട്ടികയിൽ പേരില്ലാത്ത ഇഞ്ചോലിക്കാവ് ഉന്നതിയിൽ താമസക്കാരായ ആശാരിപറമ്പിൽ ജോസ്, ഭാര്യ ലിസി എന്നിവരാണ് കള്ളവോട്ട് ചെയ്തത്. ദമ്പതിമാർ ആധാർ കാർഡ് ഹാജരാക്കിയാണ് വോട്ട് രേഖപ്പെടുത്തിയത്.
പോളിങ് ഉദ്യോഗസ്ഥർ ഫോട്ടോ പരിശോധിക്കാതെ വ്യാജ വോട്ടർമാരെ അനുവദിച്ചതായി ആക്ഷേപമുണ്ട്. പകൽ 12.45ഓടെ യഥാർഥ വോട്ടർമാർ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ബിജെപി പ്രവർത്തകർ ഓട്ടോറിക്ഷയിൽ എത്തിച്ച വ്യാജ വോട്ടർമാർ ഒരേ വീട്ടുപേരും ഒരേ പേരുമുള്ളവരാണെന്ന് എൽഡിഎഫ് ബൂത്ത് ഭാരവാഹികൾ പറഞ്ഞു. സംഭവത്തിൽ ജോസ് ദേവസ്യയും ഭാര്യയും പ്രിസൈഡിങ് ഓഫീസർക്ക് പരാതി നൽകി. കള്ളവോട്ട് ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എൽഡിഎഫ് ഇലക്ഷൻ കമീഷനോടും പൊലീസിനോടും ആവശ്യപ്പെട്ടു.









0 comments