ad
Deshabhimani

നെല്ല് സംഭരിക്കാൻ 33.89 കോടി കൂടി ; കേന്ദ്രം നൽകാനുള്ളത് 1100 കോടി രൂപ

paddy subsidy Procurement
വെബ് ഡെസ്ക്

Published on Jul 30, 2025, 03:03 AM | 1 min read


തിരുവനന്തപുരം

കേന്ദ്ര അവഗണന തുടരുമ്പോഴും കർഷകരിൽനിന്ന്‌ സംഭരിച്ച നെല്ലിന്റെ സബ്‌സിഡിക്ക്‌ 33.89 കോടി രൂപകൂടി സംസ്ഥാനം അനുവദിച്ചു. സംഭരണ ചുമതലയുള്ള സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷനാണ്‌ തുക അനുവദിച്ചതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷം ബജറ്റിൽ 606 കോടി രൂപ വകയിരുത്തിയതിൽ 318.89 കോടി രൂപ വിതരണം ചെയ്‌തു.


താങ്ങുവില, ചരക്കുകൂലി എന്നീ ഇനങ്ങളിൽ കർഷകർക്ക്‌ നൽകാനുള്ള 1100 കോടി രൂപ കേന്ദ്രസർക്കാർ ഇതുവരെ നൽകിയിട്ടില്ല. എന്നാൽ, കേന്ദ്രം തുക നൽകാത്തപ്പോഴും ആ വിഹിതം കൂടി ചേർത്താണ്‌ നെല്ല്‌ സംഭരിക്കുമ്പോൾ കർഷകർക്ക് കേരളം പണം നൽകുന്നത്‌. സംസ്ഥാന സബ്‌സിഡിയും ഉറപ്പാക്കി നെല്ലിന്‌ ഏറ്റവും ഉയർന്ന വിലയും നൽകുന്നു. മറ്റ്‌ സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ താങ്ങുവില നൽകുമ്പോൾ മാത്രമാണ്‌ കർഷകന്‌ തുക ലഭിക്കുന്നത്‌.


കേരളത്തിൽ പിആർഎസ്‌ വായ്‌പാ പദ്ധതിയിൽ കർഷകന്‌ നെൽവില ബാങ്കിൽനിന്ന്‌ ലഭിക്കും. വായ്‌പ പലിശയും മുതലും ചേർത്ത്‌ സംസ്ഥാന സർക്കാർ തിരിച്ചടയ്‌ക്കും. കർഷകന്‌ നൽകുന്ന ഉൽപാദന ബോണസിന്റെയും വായ്‌പാ പലിശയുടെയും ബാധ്യത സംസ്ഥാന സർക്കാരാണ്‌ തീർക്കുന്നത്‌. കേരളത്തിൽ മാത്രമാണ്‌ ഇത്‌ നിലവിലുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home