നെല്ല് സംഭരണം
print edition സംഘങ്ങൾ വഴിയുള്ള വില വിതരണം അട്ടിമറിച്ചു

നിധിൻ ഇൗപ്പൻ
Published on Jun 04, 2026, 12:00 AM | 1 min read
പാലക്കാട് : സഹകരണ സംഘങ്ങൾവഴി കർഷകർക്ക് നെല്ലിന്റെ സംഭരണവില നൽകാനുള്ള എൽഡിഎഫ് സർക്കാർ തീരുമാനം യുഡിഎഫ് സർക്കാർ പൂർണമായും അട്ടിമറിച്ചു. പാലക്കാട് ജില്ലയിൽ പൈലറ്റ് പദ്ധതി നടപ്പാക്കാനാണ് മുൻ സർക്കാർ തീരുമാനിച്ചത്. അത് ഒഴിവാക്കി ദേശസാൽക്കൃത ബാങ്ക് വഴി വില നൽകാനാണ് യുഡിഎഫ് സർക്കാരിന്റെ തീരുമാനം. ഇത് പിആർഎസ് വായ്‌പ വീണ്ടും കൊണ്ടുവരുന്നതിനൊപ്പം കർഷകർക്ക് പുതിയ വായ്‌പ എടുക്കുന്നതിന് തടസ്സമാകുകയുംചെയ്യും.
ഇൗ പ്രതിസന്ധി പരിഹരിക്കാനാണ് ദേശസാൽകൃത ബാങ്കുകളെ സംഭരണത്തിൽനിന്ന് ഒഴിവാക്കി സഹകരണ സംഘങ്ങൾക്ക് ചുമതല നൽകിയത്. പാലക്കാട് ജില്ലയിൽ നടപ്പാക്കുന്ന പദ്ധതി വിജയകരമായാൽ സംസ്ഥാനമാകെ നടപ്പാക്കാനും തീരുമാനിച്ചിരുന്നു. നെല്ല് സംഭരിക്കുന്ന സഹകരണ സംഘങ്ങൾക്ക് വില വിതരണം ചെയ്യാൻ തനത് ഫണ്ട് ഉപയോഗിക്കാനും തനത് ഫണ്ട് ഇല്ലാത്ത സംഘങ്ങൾക്ക് കേരള ബാങ്ക് വായ്‌പ ലഭ്യമാക്കാനുമാണ് പദ്ധതിയിട്ടിരുന്നത്.
കേരള ബാങ്ക് വായ്‌പ അനുവദിക്കുന്പോൾ സർക്കാർ ഗ്യാരന്റിയും ഉറപ്പ് നൽകിയിരുന്നു. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ സർക്കാറിന് ഗ്യാരന്റി നിൽക്കാനായില്ല. കർഷകരുമായി ഏറ്റവും അടുത്ത് ഇടപഴകുന്ന പ്രൈമറി സഹകരണ സംഘങ്ങൾക്ക് നെല്ല് സംഭരണ ചുമതല നൽകുന്നതോടെ സംഭരണം വേഗത്തിലാക്കാനും കർഷകരുടെ പ്രശ്‌നങ്ങൾ മനസിലാക്കാനുമാകും. പുതിയ സർക്കാർ ഈ ക്രമീകരണങ്ങൾ റദ്ദാക്കി ദേശസാൽകൃത ബാങ്കുകളെ വീണ്ടും ചുമതലപ്പെടുത്തി. സംഭരണ വില കിട്ടാൻ മാസങ്ങൾ കാത്തിരിക്കേണ്ടിവരും.










0 comments