നെൽകർഷകർക്ക് സബ്‌സിഡി ; സർക്കാർ 100 കോടി അനുവദിച്ചു , കേന്ദ്ര കുടിശ്ശിക 1100 കോടി രൂപ

തിരുവനന്തപുരം
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കർഷകരിൽനിന്ന് സംഭരിച്ച നെല്ലിന്റെ സബ്‌സിഡി നൽകാനായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സംഭരണച്ചുമതലയുള്ള സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് തുക നൽകും. കേന്ദ്ര സർക്കാർ കർഷകർക്ക് 2017 മുതൽ നൽകാനുള്ള 1100 കോടിയോളം രൂപ കുടിശ്ശികയുള്ളപ്പോഴാണ് കേന്ദ്ര വിഹിതത്തിന് കാത്തുനിൽക്കാതെ, നെല്ല് സംഭരിക്കുമ്പോൾതന്നെ കേരളം കർഷകർക്ക് വില നൽകുന്നത്. ഈ സാമ്പത്തിക വർഷം ബജറ്റിൽ വകയിരുത്തിയ 606 കോടി രൂപയിൽ 285 കോടി രൂപ ഇതിനകം അനുവദിച്ചു.
ഫെബ്രുവരി വരെ സംഭരിച്ച നെല്ലിന്റെ സബ്‌സിഡി നൽകാൻ നേരത്തെ 185 കോടി അനുവദിച്ചിരുന്നു. സംസ്ഥാന സബ്‌സിഡിയും ഉറപ്പാക്കി നെല്ലിന് ഏറ്റവും ഉയർന്ന തുക ലഭ്യമാക്കുന്നതും കേരളമാണ്. മറ്റു സംസ്ഥാനങ്ങളിൽ കേന്ദ്രം താങ്ങുവില നൽകിയാലേ കർഷകന് വില ലഭിക്കൂ.
ബാങ്കുകളുടെ കൺസോർഷ്യമുണ്ടാക്കി പിആർഎസ് വായ്‌പാ പദ്ധതി പ്രകാരമാണ് കർഷകന് നെൽവില ലഭ്യമാക്കുന്നത്. പലിശയും മുതലും ചേർത്തുള്ള വായ്‌പാ തിരിച്ചടവ് സംസ്ഥാന സർക്കാർ നിർവഹിക്കും. കർഷകന് നൽകുന്ന ഉൽപാദന ബോണസിന്റെയും വായ്‌പാ പലിശയുടെയും ബാധ്യതയും സംസ്ഥാന സർക്കാരാണ് ഏറ്റെടുക്കുന്നത്. ഇതിലൂടെ നെല്ല് ഏറ്റെടുത്താൽ ഉടൻ കർഷകന് വില ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.










0 comments