യുഡിഎഫിന് ഒഴിയാബാധയായി അൻവർ


സ്വന്തം ലേഖകൻ
Published on May 04, 2025, 12:01 AM | 1 min read
മലപ്പുറം : പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ അനിശ്ചിതത്വം ഒഴിയുന്നില്ല. മുന്നണിയുമായി സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനിച്ചെങ്കിലും എങ്ങനെ വേണമെന്നതിൽ വ്യക്തതയില്ല. തീരുമാനമെടുക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചുമതലപ്പെടുത്തി തടിയൂരാനുള്ള ശ്രമത്തിലാണ് നേതൃത്വം.
യുഡിഎഫിന്റെ ഘടകകക്ഷിയാക്കണമെന്നാണ് അൻവറിന്റെ ആവശ്യം.
എന്നാൽ അതിന് കോൺഗ്രസ് പൂർണമായി വഴങ്ങിയിട്ടില്ല. ദേശീയതലത്തിൽ കോൺഗ്രസിനെതിരെ നിൽക്കുന്ന തൃണമൂൽ കോൺഗ്രസുമായി സഹകരിക്കുന്നത് ഗുണംചെയ്യില്ലെന്ന നിലപാടാണ് നേതൃത്വത്തിന്. മാത്രമല്ല അതിന് കോൺഗ്രസ് ഹൈക്കമാൻഡിന്റെ പിന്തുണയും വേണം. തെരഞ്ഞെടുപ്പ് ഘട്ടത്തിലെ സഹകരണം മതിയെന്നാണ് കോൺഗ്രസ് നിലപാട്. എന്നാൽ അതിന് അൻവർ വഴങ്ങിയിട്ടില്ല. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാഷ്‌ട്രീയ അഭയാർഥിയാകുമെന്ന പേടി അൻവറിനുണ്ട്.
കോൺഗ്രസുമായി വിലപേശാൻ ചില മാധ്യമങ്ങളെ ഉപയോഗിച്ച് ദിവസവും നുണക്കഥകളും അൻവർ പടച്ചുവിടുന്നു. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി വിളിച്ചെന്നും ശനിയാഴ്‌ച കൊൽക്കത്തയിൽ കൂടിക്കാഴ്‌ച നടത്തുമെന്നുമായിരുന്നു വാർത്ത. യുഡിഎഫിൽ എടുത്തില്ലെങ്കിൽ നിലമ്പൂരിൽ അൻവറിനോട് മത്സരിക്കാൻ നേതൃത്വം പിന്തുണ അറിയിച്ചെന്നും തട്ടിവിട്ടു. എന്നാൽ യാത്ര മാറ്റിവച്ചതായി അതേ മാധ്യമങ്ങൾ ശനിയാഴ്‌ച വാർത്ത നൽകി. ആരോഗ്യപ്രശ്‌നങ്ങളാൽ യാത്ര ഉപേക്ഷിച്ചെന്നായിരുന്നു വിശദീകരണം. മമതാ ബാനർജി കേരളത്തിൽ എത്തുമെന്നും രണ്ടുലക്ഷംപേരെ പങ്കെടുപ്പിച്ച് റാലി നടത്തുമെന്നും നേരത്തെ വാർത്ത നൽകിയിരുന്നു.
തൃണമൂൽവഴി പ്രവേശനം സാധ്യമായില്ലെങ്കിൽ യുഡിഎഫിലെ ഏതെങ്കിലും ഘടകകക്ഷിയിൽ കയറിക്കൂടാനും അൻവർ ശ്രമം തുടങ്ങിയിട്ടുണ്ട്.









0 comments