print edition പ്രതിയാക്കിയതിൽ രാഷ്ട്രീയ ഇടപെടൽ: പി എസ് പ്രശാന്ത്

തിരുവനന്തപുരം: ശബരിമല സ്വർണമോഷണക്കേസിൽ തന്നെ പ്രതിചേർത്തതിനുപിന്നിൽ ഗൂഢാലോചനയാണെന്ന് ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത്. പ്രതിയാക്കിയതിൽ രാഷ്ട്രീയ ഇടപെടൽ സംശയിക്കുന്നു. ദേവസ്വം മന്ത്രി കെ മുരളീധരൻ എസ്‌ഐടിക്ക് കത്ത് കൊടുത്തത് ഇതിന് തെളിവാണ്. കഴിഞ്ഞ സർക്കാർ ഒരു സമ്മർദവും എസ്ഐടിക്ക് കൊടുത്തിട്ടില്ല.
‘‘2025ൽ ദ്വാരപാലക ശിൽപ്പപാളി കൊണ്ടുപോയതുസംബന്ധിച്ച് ഒരു ആക്ഷേപവും ഇല്ല. ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ശിൽപ്പപാളി കാണാനോ സ്പർശിക്കാനോ അവസരം അന്ന് നൽകിയിട്ടില്ല. കോടതിയെ അറിയിക്കാതെ കൊണ്ടുപോയി എന്നത് മാത്രമാണ് ചൂണ്ടിക്കാട്ടിയത്. 2019-ലെ ഫയലുകൾ ഞങ്ങളുടെ ബോർഡാണ് കൈമാറിയത്. അതിൽനിന്നാണ് സ്വർണമോഷണത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. എന്തെങ്കിലും ഒളിക്കാൻ ഉണ്ടായിരുന്നെങ്കിൽ അത് ചെയ്യുമോ.
2024 സെപ്‌തംബർ 20 നാണ് ദ്വാരപാലക ശിൽപ്പങ്ങൾ സംബന്ധിച്ച ഫയൽ ബോർഡിനുമുന്നിലെത്തിയത്. ശബരിമല സ്വർണമോഷണവുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ടും അതുവരെ ബോർഡിനുമുന്നിൽ വന്നിട്ടില്ല. ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ ഒരുതവണ മാത്രമാണ് കണ്ടത്. ഗോവർധനനെയും പങ്കജ് ഭണ്ഡാരിയെയും കണ്ടിട്ടില്ല. 2019ൽ ഞാൻ കോൺഗ്രസുകാരനായിരുന്നു. ഒരു രൂപയുടെ അഴിമതിപോലും ബോർഡ് നടത്തിയിട്ടില്ല’– പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.











0 comments