ad
Deshabhimani

print edition യുഡിഎഫ്‌ സർക്കാർ മറക്കുന്നത്‌ എൽഡിഎഫ്‌ മാതൃക: പി രാജീവ്‌

p rajeev
വെബ് ഡെസ്ക്

Published on Jul 24, 2026, 12:00 AM | 1 min read

തിരുവനന്തപുരം: ആർഎസ്‌എസ്‌ അജൻഡയ്‌ക്ക്‌ കീഴ്‌പ്പെട്ട്‌ കേരള വഖഫ്‌ ബോർഡ്‌ പുനഃസംഘടിപ്പിക്കുന്ന യുഡിഎഫ്‌ സർക്കാർ മറക്കുന്നത്‌ എൽഡിഎഫ്‌ സർക്കാരുകൾ സ്വീകരിച്ച മാതൃകകളെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്‌. യുഡിഎഫ്‌ കാലത്ത്‌ ചെയർമാൻമാരാക്കിയവർക്ക്‌ എൽഡിഎഫ്‌ സർക്കാർ കാലാവധി പൂർത്തിയാക്കാൻ അവസരം നൽകിയിരുന്നുവെന്നും രാജീവ്‌ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.


2006ൽ എൽഡിഎഫ് അധികാരത്തിലെത്തുമ്പോൾ ലീഗ് നേതാവ്‌ ഉമറലി ശിഹാബ് തങ്ങളായിരുന്നു വഖഫ്ബോർഡ് ചെയർമാൻ. ചെയർമാനായിരിക്കെ അദ്ദേഹം അന്തരിച്ചു.‍ തുടർന്ന്‌ ബാർ കൗൺസിൽ പ്രതിനിധിയായ മുസ്ലീം ലീഗ്‌ അനുഭാവി അഡ്വ. ടി കെ സെയ്‌താലിക്കുട്ടി പദവിയിലെത്തി. ആ ബോർഡ്‌ കാലാവധി പൂർത്തീകരിച്ച് 2008ൽ പിരിഞ്ഞു. 2016ൽ എൽഡിഎഫ് അധികാരത്തിലെത്തിയപ്പോൾ പാണക്കാട് റഷീദലി തങ്ങളായിരുന്നു ചെയർമാൻ. പദവി മൂന്നുവർഷം കൂടി തുടർന്ന് 2019ൽ കാലാവധി പൂർത്തീകരിച്ചു. എന്നാലിപ്പോൾ, ബോർഡ്‌ ഇടതുപക്ഷം നിയമിച്ചതാണെന്നും പുതിയ നിയമമനുസരിച്ച് സർക്കാരിന്റെ പ്രീതിയില്ലെങ്കിൽ നടപടിയെടുക്കാമെന്നുമാണ്‌ വഖഫ് മന്ത്രി എൻ ഷംസുദീൻ പറയുന്നത്‌.


ഗൗരവമായ പ്രശ്‌നങ്ങളിൽ ചെയർമാനെ നീക്കം ചെയ്യാൻ 20(ബി) വകുപ്പ്‌ സർക്കാരിന് അധികാരം നൽകുന്നുണ്ട്. എന്നാൽ, അവിശ്വാസ പ്രമേയത്തിലൂടെ ചെയർമാനെ നീക്കാൻ ബോർഡിന് വഖഫ് നിയമത്തിലെ 20എ വകുപ്പ് അധികാരം നൽകിയ വകുപ്പ്‌ നിയമം ഭേദഗതി ചെയ്തപ്പോൾ ഇല്ലാതാക്കി. അതിനാൽ ഭരണത്തിലുള്ളപ്പോൾ അംഗങ്ങളെ തിരുകി കയറ്റി ഭൂരിപക്ഷം ലഭിച്ചാലും ചെയർമാനെ പുറത്താക്കാനാകില്ല. ഇതിനെ മറികടക്കാനാണ്‌ കോടതി വഴിയുള്ള ബോർഡ്‌ രൂപീകരണം നിയമവിരുദ്ധമാണെന്ന്‌ യുഡിഎഫ്‌–ബിജെപി ഡീലിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നത്‌. അമുസ്ലിം വിഭാഗത്തിലുള്ളവരെ ബോർഡിൽ ഉൾപ്പെടുത്തിയാലും കുഴപ്പമില്ല പാണക്കാട്‌ കുടുംബത്തിൽ നിന്നുള്ളയാളെ ചെയർമാനാക്കാനാണ്‌ ഇവർ ലക്ഷ്യമിടുന്നത്‌. ഇസ്ലാമിക വിശ്വാസമനുസരിച്ചുള്ള വഖഫ് കൈകാര്യം ചെയ്യാൻ അമുസ്ലിം വേണമെന്ന് സമ്മതിച്ച മുസ്ലിംലീഗിന്റെ നിലപാട് ബിജെപിക്കൊപ്പമാണെന്നും പി രാജീവ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home