തൂശനിലയ്ക്കും വൻവില; മൂന്നിൽനിന്ന് 20ലേക്ക്

ദേശാഭിമാനി ഫയൽചിത്രം

സ്വന്തം ലേഖകൻ
Published on Aug 25, 2026, 06:50 AM | 1 min read
തിരുവനന്തപുരം : പൊന്നോണത്തിന് സദ്യ വിളമ്പാൻ തൂശനിലയ്ക്കും കൊടുക്കണം വൻ വില. മുമ്പ് മൂന്നുമുതൽ നാലുരൂപവരെ നൽകിയിരുന്ന ഇലയൊന്നിന് ഇപ്പോൾ 20 രൂപയാണ്. ചെറിയ ഇലയ്ക്ക് 10 രൂപയാകും. തമിഴ്‌നാട് തൂത്തുക്കുടി, ഉടൻകുടി, ചാത്താൻകുളം, തിരുനെൽവേലി, കർണാടകത്തിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിൽനിന്നാണ് ഇലയെത്തുന്നത്. 50 കെട്ടുവരെ വിറ്റഴിച്ചിരുന്ന കടകളിൽ ഓണമടുത്തതോടെ 500 കെട്ടിനപ്പുറമാണ് വിൽപ്പന. ഇലയുമായി ദിവസേന മൂന്ന് ലോഡ് വാഹനം ചാല മാർക്കറ്റിലെത്തുന്നുണ്ട്. ഉത്രാടനാളിൽ 20 രൂപയ്ക്കും മുകളിലായേക്കാം. ഇലയുമായി വാഹനമെത്തുമ്പോൾ മാത്രമേ വില വ്യത്യാസം അറിയാനാകൂയെന്ന് ചാലയിലെ ആദ്യകാല ഇലക്കടയായ മുരളിയിലെ തൊഴിലാളികൾ പറഞ്ഞു.
200 എണ്ണമടങ്ങിയ വലിയ കെട്ടിന് നാലായിരത്തിനും ചെറിയ കെട്ടിന് രണ്ടായിരത്തിനും മുകളിലാണ് വില. തൂശനില മുറിച്ചുമാറ്റിയശേഷമുള്ള കീറ്റിലയ്ക്കും വൻ ഡിമാന്റാണ്. ഇലയട ഉൾപ്പെടെയുണ്ടാക്കാനാണ് കൂടുതലായും വാങ്ങുന്നത്. ഹോട്ടലുകൾ പ്രഭാതഭക്ഷണത്തിനും മറ്റുമായും ഇത് വാങ്ങുന്നു. തിരുവോണത്തിന് സദ്യ നൽകാൻ ഹോട്ടലുകൾക്കും കാറ്ററിങ് സെന്ററുകൾക്കും വൻ ഓർഡർ ഉണ്ട്. ഇവർക്കെല്ലാം ചാലയിലെ ഇലക്കടകളാണ് തൂശനിലയെത്തിക്കുന്നത്. കഴിഞ്ഞ ഓണത്തിനൊന്നും ഇലയ്ക്ക് വില കുതിച്ചുയർന്നിരുന്നില്ല. പ്രാദേശികമായി വാഴക്കൃഷി കുറഞ്ഞതാണ് വില കൂടാൻ കാരണം.








0 comments