നുണ പറയുന്നതിൽ അസാധാരണ കഴിവ്; പ്രതിപക്ഷ നേതാവിനെതിരെ പി രാജീവ്

വി ഡി സതീശന്‍ (ഇടത്) പി രാജീവ് (വലത്)
കൊച്ചി: നുണ പറയുന്നതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് അസാധാരണ കഴിവെന്ന് മന്ത്രിയും കളമശ്ശേരി എൽഡിഎഫ് സ്ഥാനാർഥിയുമായ പി രാജീവ്. നുണ മാത്രം പറയുന്ന സതീശനും പ്രതിപക്ഷത്തിനും വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ ഭയമാണെന്നും പി രാജീവ് കൂട്ടിച്ചേർത്തു. കൈരളി ന്യൂസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം. ഗെയിൽ പൈപ്പ്‌ലൈൻ, വിഴിഞ്ഞം തുടങ്ങിയ പദ്ധതികളെ സംബന്ധിച്ച് യുഡിഎഫ് ഉന്നയിക്കുന്ന അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയിൽ ഈ കാര്യങ്ങൾ വസ്തുതകൾ നിരത്തി വ്യക്തമാക്കിയപ്പോൾ മറുപടിയില്ലാതെ നിശബ്ദനായി ഇരുന്ന സതീശൻ, പുറത്തുവന്ന് അതേ നുണകൾ വീണ്ടും ആവർത്തിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. വികസന നയങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം ശബരിമല പോലുള്ള വിവാദങ്ങൾ കുത്തിപ്പൊക്കി വോട്ട് നേടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാടിന് വേണ്ടി പിരിച്ചെടുത്ത തുകയെക്കുറിച്ചുള്ള കൃത്യമായ കണക്കുകൾ പുറത്തുവിടാൻ പ്രതിപക്ഷ നേതാവോ കെപിസിസി പ്രസിഡന്റോ തയ്യാറായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ദുരന്തബാധിതരുടെ പേരിൽ പോലും പണം തട്ടുന്ന നിലയിലേക്ക് കോൺഗ്രസ് മാറിയെന്നും നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച രേഖകളിൽ ഈ തുക കാണാനില്ലെന്നും അദ്ദേഹം ആരോപിച്ചു.
മണ്ഡലത്തിൽ നടപ്പിലാക്കിയ ‘ഒപ്പം’ പദ്ധതിയിലൂടെ ജനങ്ങളുമായി വലിയൊരു ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട് സ്നേഹവീട്, കൃഷിക്കൊപ്പം, യുവതക്കൊപ്പം, ആശമാർക്കൊപ്പം തുടങ്ങിയ പദ്ധതികൾ ഓരോ കുടുംബത്തെയും സ്പർശിച്ചിട്ടുണ്ടെന്നും പ്രചാരണ വേളയിൽ ലഭിക്കുന്ന സ്വീകാര്യത ഇതിന്റെ തെളിവാണെന്നും പി രാജീവ് പറഞ്ഞു.











0 comments