print edition ഷാജിയുടേത് ഗൗരവമായ നിയമലംഘനം: പി രാജീവ്

കൽപ്പറ്റ: സ്വകാര്യ ആഡംബര കാർ ഒൗദ്യോഗിക ബോർഡുവച്ച് ഉപയോഗിച്ച മന്ത്രി കെ എം ഷാജിയുടെ നടപടി ഗൗരവമായ നിയമലംഘനമാണെന്ന് സിപിഐ എം കേ ന്ദ്ര കമ്മിറ്റി അംഗം പി രാജീവ്.
മന്ത്രിമാർക്ക് നിശ്ചയിച്ച വാഹനങ്ങളിൽ മാത്രമേ ‘സ്‌റ്റേറ്റ്’ എന്ന ബോർഡ് ഉപയോഗിക്കാനാകൂ. ഇതുസംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ വിധിയുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും വാഹനങ്ങളിൽപോലും സ്‌റ്റേറ്റ് ബോർഡ് ഉപയോഗിക്കാനാകില്ല.
ദുരുപയോഗത്തിനെതിരെ ശക്തമായ നടപടി വേണമെന്നതാണ് ഹൈക്കോടതി വിധി. ഇൗ സമയത്താണ് മന്ത്രി പറയുന്നത് ഞാൻ ഇരിക്കുന്നതാണ് എന്റെ വാഹനമെന്ന്. നിയമത്തിലുള്ള അജ്ഞത ശിക്ഷിക്കപ്പെടാതിരിക്കാനുള്ള കാരണമല്ലെന്ന് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
ഹൈക്കോടതി ജഡ്‌ജിമാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിൽ അപ്പോൾതന്നെ വാഹനം പിടിച്ചെടുത്തേനെ. ആഭ്യന്തര മന്ത്രി ലോകായുക്തയുടെ യോഗം വിളിച്ചത് അഴിമതിക്ക് സംരക്ഷണം നൽകാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സർക്കാരിനുവേണ്ടി പ്രതിരോധിക്കേണ്ട അഭിഭാഷകരെക്കൂടി ഉൾപ്പെടുത്തിയാണ് യോഗം വിളിച്ചത്.
ലോകായുക്തയെ ഭരണഘടനാനുസൃതമാക്കുന്ന ഭേദഗതിക്കെതിരെ അതിശക്തമായി പ്രസംഗിച്ചയാളാണ് ലോകായുക്തയുടെതന്നെ യോഗം വിളിച്ച് നിയമലംഘനം നടത്തിയത്. ഇത് ഗൗരവമായി കാണണം. ലോകായുക്തയും ഇത്തരം കാര്യങ്ങളിൽ പരിശോധന നടത്തണമെന്നും രാജീവ് കൽപ്പറ്റയിൽ മാധ്യമങ്ങളോട് പറഞ്ഞു.









0 comments