ad
Deshabhimani

print edition സംസ്ഥാന താൽപ്പര്യം സംരക്ഷിച്ചില്ല

p rajeev

പി രാജീവ്‌

വെബ് ഡെസ്ക്

Published on Jul 09, 2026, 12:00 AM | 1 min read

കൊച്ചി : വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റത്തിൽ സംസ്ഥാന താൽപ്പര്യം സംരക്ഷിച്ചില്ലെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി രാജീവ്‌. ഓഹരി കൈമാറ്റത്തിന്‌ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി അദാനി കന്പനി തേടിയിട്ടുണ്ടോ എന്നതിനാണ്‌ മുഖ്യമന്ത്രി മറുപടി പറയേണ്ടത്‌. അപ്രസക്തമായ കാര്യങ്ങൾ പറഞ്ഞ്‌ ശ്രദ്ധതിരിക്കാനുള്ള താർക്കികബുദ്ധിയാണ്‌ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി കാണിച്ചതെന്ന്‌ പി രാജീവ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.


സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതിയോടെയാകണം ഓഹരി കൈമാറ്റമെന്നതാണ്‌ കൺസഷൻ കരാറിലെ വ്യവസ്ഥ. മുൻകൂർ അനുമതി തേടിയിരുന്നോയെന്നും എന്തെല്ലാം വ്യവസ്ഥകളാണ്‌ ഉൾപ്പെടുത്തിയത്‌ എന്നും മുഖ്യമന്ത്രി വ്യക്തമാക്കണം. ഓഹരി കൈമാറ്റത്തിൽ അദാനിയും എംഎസ്‌സിയും തമ്മിൽ ചർച്ച നടക്കുന്നതേയുള്ളൂ എന്നാണ്‌ മുഖ്യമന്ത്രി പറഞ്ഞത്‌. എന്നാൽ, അക്കാര്യം തീരുമാനിച്ചതായി ജൂൺ 29ന്‌ ഒപ്പിട്ട്‌ 30ന്‌ സെബിക്ക്‌ സമർപ്പിച്ച രേഖയിൽ അദാനി കന്പനി പറയുന്നു.


കരാറിനെക്കുറിച്ച്‌ അറിഞ്ഞിട്ടില്ലെന്നാണ്‌ മുഖ്യമന്ത്രി പിന്നീട്‌ സമൂഹമാധ്യമത്തിൽ കുറിച്ചത്‌. ‘മെയ്‌ 28നാണ്‌ ഞങ്ങളുടെ ഡയറക്ടർ വന്നത്‌’ എന്നാണ്‌ വാർത്താസമ്മേളനത്തിൽ മറുപടി പറഞ്ഞത്‌. ഡയറക്ടറല്ല ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്‌. 18ന്‌ പുതിയ സർക്കാർ അധികാരമേറ്റിരുന്നു. എംഎസ്‌സിയുടെ വരവ്‌ സംബന്ധിച്ച്‌ മുൻ സർക്കാരിന്‌ അറിയാമായിരുന്നെന്നും ആദ്യം വാർത്തവന്നത്‌ ദേശാഭിമാനിയിലായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞത്‌ വസ്‌തുതാവിരുദ്ധമാണ്‌. ജൂൺ ഒന്നിന്‌ ഇക്കണോമിക്‌ ടൈംസിലും മൂന്നിന്‌ മാതൃഭൂമിയിലും വാർത്ത വന്നു.


അഞ്ചിനാണ്‌ ദേശാഭിമാനി പ്രസിദ്ധീകരിച്ചത്‌. പറയുന്ന കാര്യങ്ങളുടെ ആധികാരികത ഉറപ്പാക്കാനുള്ള ഭരണഘടനാപരമായ ബാധ്യത മുഖ്യമന്ത്രിക്കുണ്ട്‌. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ വിഴിഞ്ഞം കോൺക്ലേവിൽ എംഎസ്‌സി പ്രതിനിധികൾ പങ്കെടുത്തിരുന്നു. അനുബന്ധ വ്യവസായങ്ങൾ ആരംഭിക്കുന്നതിനുവേണ്ടി സംഘടിപ്പിച്ചതായിരുന്നു അതെന്നും പി രാജീവ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home