യുഎസ് ഇറക്കുമതിച്ചുങ്കം ; പുതിയ കയറ്റുമതിവിപണിക്ക് ശ്രമിക്കും : മന്ത്രി പി രാജീവ്

കൊച്ചി
ഇന്ത്യന്‍ ഉൽപ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം പ്രതികാരച്ചുങ്കം ഏര്‍പ്പെടുത്തുന്നതിന്റെ പ്രത്യാഘാതം നേരിടാൻ സംസ്ഥാനത്തെ കയറ്റുമതിക്കാരുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ലോക കേരളസഭയിലെ അംഗങ്ങളുമായി ചേര്‍ന്ന് പുതിയ കയറ്റുമതിവിപണി കണ്ടെത്താന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതികാരച്ചുങ്കത്തിന്റെ പ്രത്യാഘാതം ചര്‍ച്ച ചെയ്യാന്‍ വ്യവസായവകുപ്പ് കൊച്ചിയിൽ വിളിച്ചുചേർത്ത, കയറ്റുമതി വാണിജ്യ മേഖലാ പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി ഇതറിയിച്ചത്.
ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ഒരു ശതമാനംമാത്രമേ കേരളത്തില്‍നിന്നുള്ളൂ എങ്കിലും ഈ പ്രതിസന്ധി നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചേക്കും. ഒന്നിച്ചുനിന്നാല്‍ പ്രതിസന്ധിയില്‍നിന്ന് കരകയറാനാകും. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യത്തില്‍ പരിമിതികളുണ്ട്. എങ്കിലും സര്‍ക്കാരിന്റെ പരിധിയില്‍നിന്ന് കഴിയുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ചുങ്കപ്രതിസന്ധിക്ക് പരിഹാരമാകുന്നതുവരെ കാത്തിരിക്കാതെ മറ്റ് വിപണികള്‍ കണ്ടെത്തണമെന്നും വ്യവസായ, വാണിജ്യ മേഖലയുടെ അവസ്ഥ മനസ്സിലാക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം അഭിനന്ദനാര്‍ഹമാണെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ കയറ്റുമതിമേഖലയ്ക്ക് നല്‍കിയിരുന്ന പല സഹായങ്ങളും വെട്ടിക്കുറച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് റോഡ്ടെപ് (കയറ്റുമതി ഉൽപ്പന്നങ്ങള്‍ക്കുള്ള തീരുവയും നികുതിയും ഒഴിവാക്കല്‍) പോലുള്ള ആനുകൂല്യങ്ങള്‍ മുന്‍കാലത്തേതുപോലെ നാലുശതമാനമാക്കിയാല്‍ കുറച്ചൊക്കെ പ്രതിസന്ധി മറികടക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കെഎസ്ഐഡിസി ചെയര്‍മാന്‍ സി ബാലഗോപാല്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ ഹരികൃഷ്ണന്‍, ജനറല്‍ മാനേജര്‍ വര്‍ഗീസ് മാളാക്കാരന്‍, ഹാന്‍ഡ്-ലൂം ഡയറക്ടര്‍ ഡോ. കെ എസ് കൃപകുമാര്‍, വ്യവസായവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജി രാജീവ് തുടങ്ങിയവർ പങ്കെടുത്തു. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷും ആസൂത്രണ ബോര്‍ഡ് അംഗങ്ങളും ഓണ്‍ലൈനായും പങ്കെടുത്തു.








0 comments