ad
Deshabhimani

print edition എസ്‌ഐആർ ; മുഴുവൻപേർക്കും വോട്ട്‌ 
ഉറപ്പാക്കണം : മന്ത്രി പി രാജീവ്‌

p rajeev
വെബ് ഡെസ്ക്

Published on Jan 06, 2026, 12:27 AM | 1 min read


കൊച്ചി

എസ്‌ഐആർ പട്ടികയിൽ കണ്ടെത്താനാകാത്തവർ (നോൺമാപ്പിങ്‌) വിഭാഗത്തിലെ മുഴുവൻപേർക്കും വോട്ടവകാശം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നിയമസാധ്യതയടക്കം ഉപയോഗിച്ച്‌ ഇടപെടുകയാണെന്ന്‌ നിയമമന്ത്രി പി രാജീവ്‌. സാങ്കേതികപ്പിഴവുമൂലം ഒരുവോട്ടും നഷ്ടപ്പെടരുതെന്നതാണ് നിലപാട്‌. ഇ‍ൗ പ്രശ്‌നം സർക്കാർ വീണ്ടും തെരഞ്ഞെടുപ്പ്‌ കമീഷന്റെ ശ്രദ്ധയിൽപ്പെടുത്തി. മുഴുവൻ അർഹർക്കും വോട്ടവകാശം ഉറപ്പാക്കാനുള്ള ശ്രമത്തിൽ കക്ഷിരാഷ്‌ട്രീയഭേദമന്യേ എല്ലാവരും പങ്കാളികളാകണമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


കരടുവോട്ടർപട്ടികയിലെ 19,32,000 പേർ നോൺ-മാപ്പിങ് വിഭാഗത്തിലാണ്‌. ഇവർ ഹിയറിങ്ങിന്‌ ഹാജരായാലേ അന്തിമപട്ടികയിൽ ഉൾപ്പെടൂ. വോട്ടർമാരെ പട്ടികയിൽനിന്ന്‌ പുറന്തള്ളാനുള്ള പ്രക്രിയയായി വേണം ഇത്‌ കാണാൻ. 2001ൽ വോട്ട്‌ ചെയ്‌തിട്ടും 2002ൽ പട്ടികയിൽ ഇടം കിട്ടാത്തവർക്കും വോട്ടവകാശം ലഭിക്കണം. 18 തികഞ്ഞവർക്ക്‌ വോട്ട്‌ ചേർക്കുന്നതിന്‌ അച്ഛൻ, മുത്തച്ഛൻ എന്നിവരിലാരെങ്കിലും 2002ൽ വോട്ട്‌ ചെയ്‌തിട്ടുണ്ടെന്ന രേഖ വേണമെന്നാണ്‌ വ്യവസ്ഥ. അമേരിക്ക വരെ എടുത്തുകളഞ്ഞതാണ്‌ ഇ‍ൗ ഗ്രാൻഡ്‌ഫാദർ ക്ലോസ്‌. അമേരിക്കയിൽ കറുത്തവംശജർക്കും സ്‌ത്രീകൾക്കും നികുതി അടയ്‌ക്കാൻ കഴിയാത്തവർക്കും പ‍ൗരത്വമുണ്ടായിരുന്നില്ല. പിന്നീട്‌ പ‍ൗരത്വം നൽകി. എന്നാൽ, വോട്ട്‌ നിഷേധിക്കാൻ, മുത്തച്ഛൻ വോട്ട്‌ ചെയ്‌താൽമാത്രമേ ഇവർക്കും വോട്ടവകാശമുണ്ടാകൂവെന്ന ഗ്രാൻഡ്‌ഫാദർ ക്ലോസുണ്ടാക്കി. അമേരിക്കൻ സുപ്രീംകോടതി അതെടുത്തുകളഞ്ഞു. തെരഞ്ഞെടുപ്പ്‌ കമീഷൻ സമീപനം മാറ്റണമെന്ന്‌ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രത്യേക നിലപാടാണ്‌ കമീഷനുള്ളത്‌. ഇതേസമീപനം തന്നെയാണ്‌ ബിജെപിക്കും.


ജനങ്ങൾക്ക് സഹായം ഉറപ്പാക്കാനാണ്‌ വില്ലേജ് ഓഫീസുകളിൽ സഹായ ഡെസ്കുകൾ രൂപീകരിക്കാൻ തീരുമാനിച്ചത്‌. എസ്‌സി, എസ്ടി, പിന്നാക്ക വിഭാഗങ്ങൾ, കുടിയേറ്റ തൊഴിലാളികൾ തുടങ്ങി പ്രത്യേക ശ്രദ്ധ ആവശ്യമായ വിഭാഗങ്ങൾക്ക്‌ വോട്ടവകാശം ഉറപ്പാക്കാൻ കുടുംബശ്രീ, ആശാപ്രവർത്തകർ, അങ്കണവാടി അധ്യാപകർ എന്നിവരുടെ സേവനവും ഉപയോഗപ്പെടുത്തും. ബൂത്തുതല ഓഫീസർമാരും രാഷ്ട്രീയ പാർടികളുടെ ബൂത്തുതല ഏജന്റുമാരും ഈ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകണം – മന്ത്രി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home