ad
Deshabhimani

print edition കേരളം നിക്ഷേപകർക്ക്‌ ഏറ്റവും വേഗം 
സ‍ൗകര്യങ്ങൾ ഒരുക്കുന്ന ഇടം : മന്ത്രി പി രാജീവ്

p rajeev investment in kerala
വെബ് ഡെസ്ക്

Published on Jan 09, 2026, 12:48 AM | 1 min read


പാലക്കാട്

കേരളം വ്യവസായ സൗഹൃദമല്ലെന്ന ചിന്താഗതി മാറിയെന്നും നിക്ഷേപകര്‍ക്ക് ഏറ്റവും വേഗത്തില്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും മന്ത്രി പി രാജീവ് പറഞ്ഞു. പാലക്കാട് വ്യവസായ ഇടനാഴിയുടെ പ്രോജക്ട് ഓഫീസ് കൊടുന്പ്‌ ഇരട്ടയാലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ഭാരത് ബയോടെക് പോലുള്ള പ്രമുഖ കമ്പനികള്‍ക്ക് വെറും ഏഴുദിവസം കൊണ്ട് ഭൂമി അനുവദിക്കാന്‍ സര്‍ക്കാരിന് സാധിച്ചത് ഇതിന്റെ ഉദാഹരണമാണ്‌. "ഈസ് ഓഫ് ഡൂയിങ് ബിസിനസ്' റാങ്കിങ്ങില്‍ രണ്ടാമതും കേരളം ഒന്നാമതെത്തിയത് വലിയ അഭിമാനമാണ്‌. ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങൾക്കും ലോകത്തിനും കേരളത്തിൽനിന്ന്‌ ചിലത്‌ പഠിക്കാനുണ്ടെന്ന്‌ ‘ലണ്ടൻ ഇക്കണോമിസ്റ്റി’ന്റെ ലേഖനത്തിൽ പറയുന്നു. ഇക്കണോമിസ്റ്റിന്റെ ഇന്റലിജൻസ്‌ യൂണിറ്റിന്റെ ഓരോ വർഷവും നടത്തുന്ന വിശകലനത്തിൽ നേരത്തെ കേരളം റാങ്കിങ്ങിൽപ്പോലും പെട്ടിരുന്നില്ല. ഇപ്പോൾ ഒമ്പതാം സ്ഥാനത്താണ്‌. ​


പ്രധാനമന്ത്രി പ്രഖ്യാപിച്ച 12 വ്യവസായ സ്മാര്‍ട്ട് സിറ്റികളില്‍ ഏറ്റവും വേഗം ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയതും പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റിനെ നിയമിച്ചതും കേരളത്തിലാണ്. ഒക്ടോബറില്‍ ആരംഭിച്ച നിര്‍മാണ പ്രവർത്തനങ്ങൾ 36 മുതല്‍ 42 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. തമിഴ്നാടുമായി ചേര്‍ന്ന് സെമികണ്ടക്ടര്‍, ഓട്ടോമോട്ടീവ് മേഖലകളില്‍ പരസ്പര സഹകരണത്തോടെയുള്ള വികസനത്തിന് ചര്‍ച്ചകള്‍ നടന്നുവരികയാണ്‌. അടുത്ത യോഗം തിരുവനന്തപുരത്ത് ചേരും. കിന്‍ഫ്രയുടെ തിരിച്ചെടുത്ത 60 ഏക്കറില്‍ 20 ഏക്കര്‍ ഐഐടിക്ക് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് സെന്ററിനായി നല്‍കുമെന്നും മന്ത്രി പറഞ്ഞു.


എ പ്രഭാകരൻ എംഎൽഎ അധ്യക്ഷനായി. വി കെ ശ്രീകണ്ഠൻ എംപി, കലക്ടർ എം എസ് മാധവിക്കുട്ടി, ഐഐടി ഡയറക്ടർ പ്രൊഫ. എ ശേഷാദ്രി ശേഖർ എന്നിവർ സംസാരിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് സ്വാഗതവും കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home