print edition വഖഫ് വിഷയം; മുഖ്യമന്ത്രി തുടർച്ചയായി തെറ്റിദ്ധാരണ പരത്തുന്നു: പി രാജീവ്

കൊച്ചി: വഖഫ് വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ തുടർച്ചയായി തെറ്റിദ്ധാരണ പരത്തുകയാണെന്ന് മുൻ നിയമമന്ത്രിയും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. വഖഫ് നിയമം ചോദ്യംചെയ്‌തുള്ള കേസ് തള്ളിയെന്നും വഖഫ് ഭേദഗതി നിയമത്തിലെ 14–-ാംവകുപ്പനുസരിച്ച് അമുസ്ലിങ്ങളെ ഉൾപ്പെടുത്താൻ ബാധ്യസ്ഥമാണെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്.
അതാണ് യുഡിഎഫ് സർക്കാർ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പറഞ്ഞതും അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയിൽ ആവർത്തിച്ചതും. എന്നാൽ, അമുസ്ലിങ്ങളെ ഉൾപ്പെടുത്തുന്ന 14–ാംവകുപ്പ് സംബന്ധിച്ച് വിശദവാദം ഒക്ടാബർ 25ന് സുപ്രീംകോടതി പരിഗണിക്കുകയാണ്.
മുസ്ലിംലീഗ് ഉൾപ്പെടുന്ന മുന്നണി ഇക്കാര്യത്തിൽ മുസ്ലിം താൽപ്പര്യത്തിനൊപ്പമായിരുന്നെങ്കിൽ, വിഷയം സുപ്രീംകോടതി പരിശോധിക്കുകയാണെന്നും അതുകൊണ്ടാണ് കേരളവും തമിഴ്‌നാടും ബോർഡിലെ അംഗത്വം ഒഴിച്ചിട്ടിരിക്കുന്നതെന്നും വിധി വരുന്നതുവരെ തൽസ്ഥിതി അനുവദിക്കണമെന്നുമാണ് പറയേണ്ടിയിരുന്നത്.
പകരം 14–ാംവകുപ്പ് കർക്കശമായി ഉൾക്കൊണ്ട് ബോർഡ് പുനഃസംഘടിപ്പിക്കുമെന്ന് എഴുതിക്കൊടുത്തു. സുപ്രീംകോടതി വിധിക്ക് കാത്തുനിൽക്കാതെ ബിജെപിയുടെ അതേ സമീപനം സ്വീകരിച്ചു. ചെയർമാൻ ഉൾപ്പെടെ അമുസ്ലിമായാലും വിരോധമില്ല, എങ്ങനെയെങ്കിലും തങ്ങളുടെ ആളുകളെ വയ്‌ക്കുക എന്ന സമീപനമെടുത്തു.
അമുസ്ലിങ്ങളെ ഉൾപ്പെടുത്താമെന്ന് ബോർഡ് പറഞ്ഞിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി വാദിക്കുന്നത്. ബോർഡല്ല, സർക്കാരാണ് നിയമന അതോറിറ്റി. എൽഡിഎഫ് സർക്കാരെടുത്ത നിലപാട് സുപ്രീംകോടതിയിൽ നിൽക്കുന്നതുകൊണ്ടാണ് ബോർഡിൽ അംഗത്വം ഒഴിച്ചിട്ടിരിക്കുന്നത്. ഒഴിച്ചിടാതെ, മുസ്ലിമിനെ മാത്രംവയ്‌ക്കാൻ കഴിയില്ല.
കാരണം പുതിയ നിയമം സ്‌റ്റേ ചെയ്‌തിട്ടില്ല. നിയമം ലംഘിച്ച് നിയമനം നടത്താനുമാകില്ല. ബോർഡ് രൂപീകരണം വൈകിപ്പിച്ചെന്നത് മറ്റൊരു നുണ
വഖഫ് ബോർഡ് രൂപീകരണം എൽഡിഎഫ് സർക്കാർ മനപ്പൂർവം വൈകിപ്പിച്ചെന്നും മുഖ്യമന്ത്രി ആരോപിക്കുന്നു. സാധാരണ കാലാവധി തീരുംമുന്പ് രൂപീകരണം നടക്കുമെന്നും സതീശൻ പറഞ്ഞു.
യുഡിഎഫ് ഭരിക്കുന്പോൾ 2013 ഒക്ടോബർ 31ന് ബോർഡിന്റെ കാലാവധി തീർന്നിരുന്നു. എന്നാൽ, 2014 ഒക്ടോബർ 21നാണ് പുതിയ ബോർഡ് രൂപീകരിച്ച് വിജ്ഞാപനം ഇറക്കിയത്. എത്ര ആധികാരികമായാണ് നുണ നിർമിക്കുന്നതെന്ന് ഇതു പരിശോധിച്ചാൽ വ്യക്തമാകും.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ബോർഡിന്റെ കാലാവധി ഹൈക്കോടതി ഒരുവർഷം നീട്ടി. ബോർഡിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുമ്പോൾ പുതിയ നിയമം പ്രാബല്യത്തിലായി. അതനുസരിച്ച് ഉടൻ ബോർഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് വഖഫ് സംരക്ഷണസമിതി ഹൈക്കോടതിയെ സമീപിച്ചു.
സർക്കാർ, രണ്ട് സീറ്റ് ഒഴിച്ചിട്ട് ബോർഡ് രൂപീകരിച്ചു. ആ ഉത്തരവ് അംഗീകരിച്ച് കോടതി കേസ് അവസാനിപ്പിച്ചു. മുസ്ലിംസമുദായത്തെ ഒറ്റിക്കൊടുത്ത് ബിജെപിയുമായുണ്ടാക്കിയ ഡീലിനെ മറയ്ക്കാൻ മുഖ്യമന്ത്രിയുടെ ബുധനാഴ്ച നുണകൾ പോരാതെവരുമെന്നും പി രാജീവ് പറഞ്ഞു.










0 comments