ad
Deshabhimani

print edition ഭാഷാന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം ; വിമർശം അടിസ്ഥാനരഹിതം :
 മന്ത്രി പി രാജീവ്

p rajeev
വെബ് ഡെസ്ക്

Published on Jan 12, 2026, 02:00 AM | 1 min read

കൊച്ചി

കേരളത്തിൽ ഭാഷാന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നഷ്ടമാകുന്നുവെന്ന വിമർശം അടിസ്ഥാനരഹിതമാണെന്ന്‌ മന്ത്രി പി രാജീവ്. കേരളത്തിലുള്ളവർ കന്നഡയ്ക്കെതിരാണ് എന്ന പ്രതീതി സൃഷ്ടിക്കുന്നത് ഗൗരവതരമാണ്‌. മലയാളഭാഷാ ബില്ലുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേരള മുഖ്യമന്ത്രിക്ക് കത്തയച്ചതിൽ മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു രാജീവ്‌.


വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഭാഷാന്യൂനപക്ഷങ്ങൾക്ക്‌ സംരക്ഷണം നഷ്ടമാകുന്നുവെന്നും കന്നഡ ഭാഷയിൽപ്പെട്ടവർക്ക്‌ പരിരക്ഷ കിട്ടുന്നില്ലെന്നുമാണ്‌ കർണാടക മുഖ്യമന്ത്രി പ്രധാന വിമർശമായി ഉന്നയിച്ചത്‌.


ഭാഷാന്യൂനപക്ഷങ്ങൾക്ക് പ്രത്യേക പരിരക്ഷ ഇല്ലാതിരുന്നുവെന്ന വിമർശം മുന്പുണ്ടായിട്ടുണ്ട്‌. അത് 2015ൽ കേരള നിയമസഭ പാസാക്കിയ നിയമവുമായി ബന്ധപ്പെട്ടാണ്. 2015ൽ സിദ്ധരാമയ്യയുടെ പാർടിയാണ് കേരളം ഭരിക്കുന്നത്. കേരളത്തിലെ മതന്യൂനപക്ഷങ്ങൾക്ക് ആവശ്യമായ പരിരക്ഷയില്ലെന്ന പ്രശ്‌നം വന്നത്‌ അന്നാണെന്നും മന്ത്രി പറഞ്ഞു.


കന്നട, തമിഴ് ഭാഷാന്യൂനപക്ഷങ്ങൾക്ക് അവരവരുടെ പ്രദേശങ്ങളിൽ ഓഫീസുമായോ സെക്രട്ടറിയറ്റുമായോ അതാത് ഭാഷയിൽ കത്തിടപാടുകൾ നടത്താമെന്ന് ബില്ലിൽ വ്യവസ്ഥയുണ്ട്. മുഖ്യമന്ത്രിയും അത് വ്യക്തമാക്കിയിരുന്നു. എന്നാൽ, കർണാടക സർക്കാർ വിമർശമുന്നയിച്ച് വിവാദമാക്കാൻ ശ്രമിക്കുമ്പോൾ കേരളത്തിലെ കോൺഗ്രസ് നേതൃത്വം തിരുത്താൻ തയ്യാറാകുന്നില്ല. ഇവരുടെകൂടി നിർദേശപ്രകാരമാണോ ഇത്തരം ഒരു നിലപാട്‌ സ്വീകരിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.


കന്നഡ ലാംഗ്വേജ്‌ കോംപ്രിഹെൻസീവ്‌ ഡെവല്‌മെന്റ്‌ ആക്ടനുസരിച്ച്‌ കർണാടകയിലുള്ള ഭാഷാന്യൂനപക്ഷങ്ങൾ കന്നഡ ഭാഷയോ ഇംഗ്ലീഷോ ഉപയോഗിക്കണമെന്നാണ്‌ പറയുന്നത്‌. സർക്കാരിനോ സർക്കാർ ഓഫീസുകളിലേക്കോ വകുപ്പ്‌ മേധാവികൾക്കോ കത്തയക്കുന്പോഴാണിത്‌. അയക്കുന്ന കത്തുകൾക്കുള്ള മറുപടിയും കന്നടയിലോ ഇംഗ്ലീഷിലോ ആയിരിക്കും. എന്നാൽ, നമ്മുടെ നിയമമനുസരിച്ച്‌ ഭാഷാന്യൂനപക്ഷങ്ങൾക്ക്‌ കത്തിടപാടുകൾ ആ ഭാഷയിൽത്തന്നെ നടത്താം. അതിനുള്ള മറുപടിയും ആ ഭാഷയിൽ ലഭിക്കും. യഥാർഥത്തിൽ കർണാടക സർക്കാർ ശ്രദ്ധിക്കേണ്ട ഭാഗമിതാണെന്നും പി രാജീവ്‌ ചൂണ്ടിക്കാട്ടി.


നമ്മുടെ നിയമമനുസരിച്ച്‌ ഭാഷാന്യൂനപക്ഷങ്ങൾക്ക്‌ അവരുടെ ഭാഷയിൽ കേരളത്തിൽ പഠിക്കാം. എന്നാൽ, കർണാടകത്തിലെ നിയമത്തിൽ പറയുന്നത്‌ കന്നടയിലോ ഇംഗ്ലീഷിലോ പഠിക്കണമെന്നാണ്‌. വേണമെങ്കിൽ മൂന്നാംഭാഷയായി അവരവരുടെ ഭാഷ പഠിക്കാമെന്നാണ്‌ അവരുടെ നിയമം പറയുന്നതെന്നും മന്ത്രി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home