മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം; പി എം എ സലാമിനെ തള്ളി ലീഗ് നേതൃത്വം

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെ പൊതുവേദിയിൽ അധിക്ഷേപിച്ച മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിനെ തള്ളി പാർടി നേതൃത്വം. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബി തങ്ങളും അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുമാണ് സലാമിന്റേത് പാർടി സംസ്കാരത്തിന് യോജിക്കാത്ത പ്രസ്താവനയാണെന്ന് തുറന്നടിച്ചത്. രാഷ്ട്രീയ വിമർശങ്ങൾ വ്യക്തി അധിക്ഷേപത്തിലേക്ക് പോകാൻ പാടില്ലെന്നാണ് സാദിഖലി തങ്ങൾ പറഞ്ഞത്. സലാമിന്റേത് നാക്കുപിഴയാണെന്നും അത് സംസ്ഥാന പ്രസിഡന്റുതന്നെ തിരുത്തിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. "പ്രതിപക്ഷ ബഹുമാനമുള്ള പാർടിയാണ് മുസ്ലിം ലീഗ്. പാർടി തീരുമാനം സലാം ഉൾക്കൊള്ളും' –പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പി എം ശ്രീയിൽ പദ്ധതിയിൽ ഒപ്പിട്ടത് മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായതിനാലാണെന്നാണ് പി എം എ സലാം ശനിയാഴ്ച പൊതുവേദിയിൽ പ്രസംഗിച്ചത്. മുസ്ലിം ലീഗ് വാഴക്കാട് പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായുള്ള വനിതാ സമ്മേളനത്തിലായിരുന്നു പരാമർശം. പ്രസംഗം വിവാദമായതോടെ പലകോണിൽനിന്നും സലാമിനെതിരെ വിമർശമുയർന്നു. സലാം കേരളീയ സമൂഹത്തോട് മാപ്പുപറയണമെന്ന് സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റും ആവശ്യപ്പെട്ടു. രാഷ്ട്രീയ പക്വതയില്ലാത്ത പരാമർശത്തിൽ ലീഗ് പ്രതിരോധത്തിലായതോടെയാണ് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും സലാമിനെ തിരുത്തി രംഗത്തെത്തിയത്. എന്നാൽ, മുഖ്യമന്ത്രിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശം പിൻവലിക്കാനോ മാപ്പുപറയാനോ സലാം ഇതുവരെ തയ്യാറായിട്ടില്ല.










0 comments