ad
Deshabhimani

പി കൃഷ്‌ണപിള്ളദിനം ആചരിക്കുക

p krishnapilla day
വെബ് ഡെസ്ക്

Published on Aug 14, 2025, 12:23 AM | 1 min read


തിരുവനന്തപുരം

കമ്യൂണിസ്‌റ്റ്‌ പാർടിയുടെ സ്ഥാപക നേതാക്കളിലൊരാളായ പി കൃഷ്ണപിള്ള ദിനം 19ന്‌ സമുചിതമായി ആചരിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ പാർടി ഘടകങ്ങളോട്‌ ആഹ്വാനം ചെയ്‌തു. പാര്‍ടി ഓഫീസ്‌ അലങ്കരിക്കുകയും പതാക ഉയര്‍ത്തുകയും വേണം. പി കൃഷ്ണപിള്ള വിട്ടുപിരിഞ്ഞിട്ട് 77 വര്‍ഷം തികയുന്നു. 1937-ല്‍ കോഴിക്കോട് രൂപീകരിച്ച കമ്യൂണിസ്റ്റ് പാര്‍ടി ആദ്യ യൂണിറ്റിന്റെ സെക്രട്ടറിയായിരുന്നു അദ്ദേഹം. ദേശീയ പ്രസ്ഥാനത്തിലും നേതൃപരമായ പങ്കുവഹിച്ചു. ‘സഖാവ്‌’ എന്ന പേരിൽ അറിയപ്പെട്ടു. ആലപ്പുഴയിലെ കയര്‍ത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടണ്‍മില്‍ തൊഴിലാളികളെയും കണ്ണൂരിലെ ബീഡി, നെയ്ത്ത് തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്നതില്‍ നേതൃപരമായ പങ്ക് വഹിച്ചു. 
കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാപക സെക്രട്ടറിയുമായിരുന്നു. ഒളിവ് ജീവിതത്തിനിടെ പാമ്പുകടിയേറ്റ്‌ 1948 ആഗസ്ത് 19-നായിരുന്നു മരണം.


രാജ്യത്ത് ഭരണഘടനയും ജനാധിപത്യവും മതനിപേക്ഷതയുമെല്ലാം അട്ടിമറിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തവണ പി കൃഷ്‌ണപിള്ള ദിനം ആചരിക്കുന്നത്‌. വോട്ടര്‍പ്പട്ടികപോലും രാഷ്ട്രീയ താല്‍പര്യത്തിനായി ദുരുപയോഗിക്കുന്ന അവസ്ഥയിലേക്ക് ബിജെപി എത്തിച്ചിരിക്കുന്നു. കള്ളവോട്ട് ചേര്‍ത്ത് ജനവിധി അട്ടിമറിക്കുകയാണ്. തെരഞ്ഞെടുപ്പ് കമീഷനെ നോക്കുകുത്തിയാക്കിയാണ്‌ ഹീനതാല്‍പ്പര്യം നടപ്പാക്കുന്നത്‌.


രാജ്യത്തിന്റെ ഭരണഘടനയെ തകര്‍ക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍. ന്യൂനപക്ഷ വിഭാഗങ്ങളെ അപരവൽകരിക്കുന്നു. നവഫാസിസ്റ്റ് നിലപാടുകളുമായി മുന്നോട്ടുപോകുന്നു. യോജിച്ച പോരാട്ടത്തിലൂടെ മാത്രമേ വര്‍ഗീയശക്തികളെ എതിര്‍ത്ത്‌ തോല്‍പ്പിക്കാനാകൂ. രാജ്യത്തിന്റെ താല്‍പര്യം സംരക്ഷിക്കാനുള്ള പോരട്ടങ്ങള്‍ക്ക് കരുത്തുപകരാന്‍ പി കൃഷ്ണപിള്ളയുടെ സ്മരണ വഴികാട്ടിയാവും– സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home