ad
Deshabhimani

ഡോക്ടർ ഫ്ലാറ്റിൽ കുത്തേറ്റു മരിച്ച നിലയിൽ; മകന് ഗുരുതര പരിക്ക്, ഭാര്യ കസ്റ്റഡിയിൽ

doctor murder
വെബ് ഡെസ്ക്

Published on Jul 16, 2026, 06:15 AM | 1 min read

ബെംഗളൂരു: ബെംഗളൂരുവിൽ ഡോക്ടറെ ഫ്ലാറ്റിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കർണാടകയിലെ ധാർവാഡിലാണ് പ്രമുഖ അനസ്തേഷ്യോളജിസ്റ്റായ ഡോ. കിരൺ ഹൊനണ്ണവർ (45) ഫ്ലാറ്റിൽ ദാരുണമായി കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ എട്ട് വയസ്സുകാരനായ മകനും ഗുരുതരമായി കുത്തേറ്റു. നിലവിൽ കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് ഡോക്ടറുടെ ഭാര്യയും ഒഫ്താൽമോളജിസ്റ്റുമായ ഡോ. പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.


കുടുംബവഴക്കാണ് ഈ ദാരുണ സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.അതീവ സുരക്ഷയുള്ള ഫ്ലാറ്റ് സമുച്ചയത്തിലാണ് കൊലപാതകം നടന്നിരിക്കുന്നത്. സംഭവസമയത്ത് പുറത്തുനിന്ന് ആരും ഫ്ലാറ്റിലേക്ക് വന്നിട്ടില്ലെന്നും, ഫ്ലാറ്റിനുള്ളിൽ ഡോ. കിരൺ, ഭാര്യ പ്രിയങ്ക, മകൻ എന്നിവർ മാത്രമാണുണ്ടായിരുന്നതെന്നും ഹുബ്ലി-ധാർവാഡ് പൊലീസ് കമ്മീഷണർ എൻ ശശികുമാർ അറിയിച്ചു.


ഡോ. കിരണിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ച ബന്ധുക്കളോട്, ഭർത്താവ് വിശ്രമിക്കുകയാണെന്നും പിന്നീട് പുറത്തുപോയെന്നും പറഞ്ഞ് പ്രിയങ്ക ഒഴിഞ്ഞുമാറുകയായിരുന്നു. വൈകുന്നേരമായിട്ടും കിരണിനെ കിട്ടാതായതോടെ സംശയം തോന്നി ബന്ധുക്കൾ ഫ്ലാറ്റിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.


ചോരയിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു ഡോക്ടറുടെ മൃതദേഹം. മറ്റൊരു മുറിയിലാണ് കുത്തേറ്റു ഗുരുതരാവസ്ഥയിലായ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ഡോ. പ്രിയങ്കയാണ് കൊലപാതകം നടത്തിയതെന്ന് കിരണിന്റെ ബന്ധുക്കൾ ആരോപിക്കുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.


ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്ന ശേഷമേ മരണ സമയം ഉൾപ്പെടെയുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമാകൂ എന്ന് സബർബൻ പോലീസ് അറിയിച്ചു."കസ്റ്റഡിയിലുള്ള ഡോ. പ്രിയങ്ക ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നത്. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ ഇരു കുടുംബങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുവരികയാണ്"- പൊലീസ് കമ്മീഷണർ പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home