അടൂരിലെ യുവതിയുടെ ആത്മഹത്യ: ആൺസുഹൃത്ത് മതം മാറാൻ സമ്മർദം ചെലുത്തി, സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി

പത്തനംതിട്ട: അടൂരിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി അന്വേഷണ സംഘം. മതം മാറണമെന്ന് ആവശ്യപ്പെട്ടും, സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് പ്രതി യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ഷഹനയെ വിവാഹം കഴിക്കാൻ അരുൺ കുമാർ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇയാളുടെ സ്വഭാവദൂഷ്യം മനസ്സിലാക്കിയ ഷഹന ഇതിന് തയ്യാറായില്ല. ഇതിന്റെ വൈരാഗ്യത്തിൽ പ്രതി യുവതിയെ ക്രൂരമായി മർദ്ദിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഷഹനയുടെ മൊബൈൽ ഫോണിൽ നിന്നും സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പ്രതി പകർത്തിയിരുന്നു. വിവാഹത്തിന് വഴങ്ങിയില്ലെങ്കിൽ ഇവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
ഷഹനയെന്ന യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തായ അരുൺകുമാറിനെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി അടൂർ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന ഷഹനയെ കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് വീട്ടിലെ സ്റ്റെയർകേസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മരിച്ച ഷെഹനയുടെയും പ്രതി അരുൺ കുമാറിന്റെയും ശരീരത്തിൽ രക്തപാടുകൾ കണ്ടെത്തിയിരുന്നു. യുവതിയുടേത് കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെയാണ് പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സംഭവദിവസം രാത്രി ഷഹനയുടെ വീട്ടിൽ നിന്ന് വലിയ രീതിയിൽ ബഹളം കേട്ടതോടെയാണ് നാട്ടുകാർ വിഷയത്തിൽ ഇടപെടുന്നത്. തുടർന്ന് അടൂർ നഗരസഭാ കൗൺസിലറെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ കൗൺസിലർ ആവശ്യപ്പെട്ടതനുസരിച്ച് അകത്തുണ്ടായിരുന്ന അരുൺ കുമാർ വാതിൽ തുറന്നപ്പോഴാണ് ഷഹനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.











0 comments