ഉഷ്ണതരംഗം യൂറോപ്പിനെ വലയ്ക്കുന്നു; അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കാൻ എഐയും ഡ്രോണുകളും

Representative image | Photo by MARTIN LELIEVRE / AFP
ഓസ്ലോ : ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മൂലം യൂറോപ്പിലുടനീളം കടുത്ത ഉഷ്ണതരംഗം ആഞ്ഞടിക്കുന്നു. ഇതേത്തുടർന്ന് പതിറ്റാണ്ടുകൾ പഴക്കമുള്ള റോഡുകൾ, റെയിൽവേകൾ, വിമാനത്താവളങ്ങൾ എന്നിവ കടുത്ത പ്രതിസന്ധി നേരിടുകയാണ്. എഐ, ഡ്രോണുകൾ, ചൂടിനെ പ്രതിരോധിക്കുന്ന പ്രത്യേക സാമഗ്രികൾ, എന്നിവയുടെ സഹായത്തോടെയാണ് നിർണായക അടിസ്ഥാന സൗകര്യങ്ങളെ സംരക്ഷിക്കാൻ വിവിധ പ്രാദേശിക സർക്കാരുകൾ തീവ്രശ്രമം നടത്തുകയാണ്.
പടിഞ്ഞാറൻ യൂറോപ്പിലെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില സാധാരണയേക്കാൾ വളരെ ഉയർന്ന നിലയിൽ തുടരുന്ന സാഹചര്യത്തിലാണ് പുതിയ നടപടികൾ. പടിഞ്ഞാറൻ യൂറോപ്പിലെ താപനില ജൂലൈ 15ലെ ശരാശരിയേക്കാൾ 5.5 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നു. ഇത് താരതമ്യേന തണുപ്പുള്ള കാലാവസ്ഥയ്ക്കായി നിർമ്മിക്കപ്പെട്ട ഗതാഗത ശൃംഖലകളുടെ സുരക്ഷിതത്വമില്ലായ്മയെ പൂർണമായി തുറന്നുകാട്ടുന്നു.
ഉഷ്ണതരംഗങ്ങൾ, വെള്ളപ്പൊക്കം, വരൾച്ച എന്നിവയുൾപ്പെടെയുള്ള കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങൾ 2030ഓടെ യൂറോ സോണിന്റെ ജിഡിപിയിൽ 4.7 ശതമാനം വരെ കുറവുണ്ടാക്കാം എന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇനി കാണാനിരിക്കുന്ന കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാൻ നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമല്ലെന്നും വിദഗ്ധർ ചൂണ്ടിക്കാണക്കുന്നു.
യൂറോപ്പിലെ റെയിൽവേ സംവിധാനങ്ങളിൽ ഭൂരിഭാഗവും പഴയ സാങ്കേതികവിദ്യയിലുള്ളതാണെന്ന് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ ഒരു വിദഗ്ധൻ പറഞ്ഞു. റെയിൽ ശൃംഖലകൾ പൂർണമായി പുനർനിർമ്മിക്കുന്നതിന് പകരം ട്രാക്കുകൾ വേഗത്തിൽ പരിശോധിക്കുന്നതിനും അപകടകരമാകുന്നതിന് മുമ്പ് കേടുപാടുകൾ തിരിച്ചറിയുന്നതിനുമുള്ള സംവിധാനങ്ങളിലേക്ക് തിരിയുകയാണ്. ബ്രിട്ടനിലെ നെറ്റ്‌വർക്ക് റെയിൽ കടുത്ത കാലാവസ്ഥയിൽ നിന്ന് റെയിൽ ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനായി 2024നും 2029നും ഇടയിൽ 2.6 ബില്യൺ പൗണ്ട് നീക്കിവെച്ചിട്ടുണ്ട്.
ആധുനിക സാങ്കേതികവിദ്യയ്ക്ക് പുറമെ തദ്ദേശീയമായ എഞ്ചിനീയറിംഗ് വിദ്യകളും പരീക്ഷിക്കപ്പെടുന്നുണ്ട്. സ്റ്റോക്ക്ഹോമിലെ ഗതാഗത അധികൃതർ സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതിനും കടുത്ത ചൂടിൽ ട്രാക്കുകൾ വളഞ്ഞുപോകാനുള്ള സാധ്യത കുറയ്ക്കുന്നതിനുമായി മെട്രോ ട്രാക്കുകളുടെ ചില ഭാഗങ്ങളിൽ വെള്ള പെയിന്റ് അടിച്ചിട്ടുണ്ട്. ഏതാണ്ട് 100,000 സ്വീഡിഷ് ക്രോണുകൾ ചിലവ് വന്ന ഈ പദ്ധതി മെയ്, ജൂൺ മാസങ്ങളിലാണ് നടപ്പിലാക്കിയത്. ഇളം നിറത്തിലുള്ള പ്രതലങ്ങൾ കുറഞ്ഞ അളവിൽ മാത്രമേ ചൂട് ആഗിരണം ചെയ്യുകയുള്ളൂവെന്നും ഇത് ഏറ്റവും ചൂടേറിയ സമയങ്ങളിൽ റെയിൽ താപനില താഴ്ത്തി നിർത്താൻ സഹായിക്കുമെന്നും എഞ്ചിനീയർമാർ പറയുന്നു.
കടുത്ത വേനലിനേക്കാൾ മരവിപ്പിക്കുന്ന ശീതകാലത്തിന് പേരുകേട്ട നോർവേയും ഈ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയാണ്. ഓസ്ലോ വിമാനത്താവളത്തിൽ വിമാനങ്ങളുടെ ഭാരം കാരണം അസ്ഫാൽറ്റ് ഉരുകിപ്പോകുന്നത് തടയാൻ ഫയർഫോഴ്സ് റൺവേയുടെ പ്രധാന ഭാഗങ്ങളിൽ ഏകദേശം 9,000 ലിറ്റർ വെള്ളം തളിക്കുന്നുണ്ട്. താപനില സാധാരണയേക്കാൾ 10 ഡിഗ്രി ഉയർന്ന് 30 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ എയർപോർട്ട് ഓപ്പറേറ്ററായ അവിനോർ ചൂടിനെ പ്രതിരോധിക്കുന്ന ഒരു പുതിയ അസ്ഫാൽറ്റും പരീക്ഷിക്കുന്നുണ്ട്.
അതിശക്തമായ ചൂടിൽ ദീർഘകാലമായി ഗതാഗത സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്ന റിയാദ് മെട്രോ, ദുബായ് ട്രാം എന്നിവയിൽ നിന്നും സ്പെയിൻ പോലുള്ള തെക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് വടക്കൻ യൂറോപ്യൻ രാജ്യങ്ങളും തങ്ങളുടെ നിർമ്മാണ രീതികളിൽ മാറ്റം വരുത്താൻ ഒരുങ്ങുകയാണ്.
ഏപ്രിലിൽ പുറത്തുവിട്ട യൂറോപ്യൻ യൂണിയൻ റിപ്പോർട്ട് പ്രകാരം 70 ശതമാനത്തിലധികം റെയിൽവേ മാനേജർമാരും കടുത്ത കാലാവസ്ഥ കാരണം സർവീസുകളിൽ വർധിച്ചുവരുന്ന തടസങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2015നും 2024നും ഇടയിൽ യൂറോപ്പിലുടനീളം കാലാവസ്ഥ കാരണമുണ്ടായ തടസങ്ങൾ റെയിൽവേ സർവീസുകളുടെ ഒന്ന് മുതൽ മൂന്ന് വർഷം വരെയുള്ള പൂർണമായ നഷ്ടത്തിന് തുല്യമായിരുന്നു. വരും വർഷങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ശക്തമാകും എന്നതിനാൽ റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ കരുത്തുറ്റതാക്കുമെന്ന് നോർവീജിയൻ പബ്ലിക് റോഡ്‌സ് അഡ്മിനിസ്‌ട്രേഷൻ വ്യക്തമാക്കി.










0 comments