ഇ20 പെട്രോൾ ഉപയോഗിച്ച് വാഹനം തകരാറിലായെന്ന് പരാതി; നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

പ്രതീകാത്മക എഐ ചിത്രം
ന്യൂഡൽഹി : രാജ്യത്ത് ആദ്യമായി ഇ20 പെട്രോൾ ഇന്ധന വ്യാപനത്തിനെതിരെ ഉപഭോക്തൃ കോടതി ഉത്തരവ്. ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച എഥനോൾ മിശ്രിത പെട്രോൾ (ഇ20) ഉപയോഗിച്ചതിനെ തുടർന്ന് വാഹനത്തിന് ഗുരുതരമായ തകരാറുകൾ സംഭവിച്ചെന്ന ഉപഭോക്താവിന്റെ പരാതി റായ്പൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പൂർണമായും ശരിവെച്ചു. ഇന്ധന വിപണിയിൽ ആവശ്യത്തിന് ബദൽ സംവിധാനങ്ങൾ ഒരുക്കാതെയും പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാതെയും കേന്ദ്രം നടപ്പിലാക്കിയ ഇന്ധന പരിഷ്കാരം മൂലം സാധാരണക്കാർ അനുഭവിക്കുന്ന ദുരിതത്തിന്റെ ഉദാഹരണമാണ് ഈ വിധി.
ഇ20 ഇന്ധനം ഉപയോഗിക്കാൻ തുടങ്ങിയതോടെ തന്റെ വാഹനത്തിന്റെ എഞ്ചിൻ പ്രവർത്തനക്ഷമത തകരാറിലാവുകയും വിട്ടുമാറാത്ത മിസ് ഫയറിംഗ് ഉണ്ടാവുകയും മൈലേജ് കുത്തനെ താഴുകയും ചെയ്തെന്നാണ് ഉപഭോക്താവ് കോടതിയെ ബോധിപ്പിച്ചത്. നിരന്തരമായി കമ്പനിയുടെ അംഗീകൃത വർക്ക്‌ഷോപ്പുകളിൽ എത്തിച്ച് അറ്റകുറ്റപ്പണികൾ നടത്തിയിട്ടും ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചില്ലെന്ന് ഒടുവിൽ എഞ്ചിൻ ഘടകങ്ങൾ മാറ്റിവെക്കുന്നതിനായി വലിയൊരു തുക ഉടമയ്ക്ക് കൈയിൽ നിന്ന് ചിലവഴിക്കേണ്ടി വരികയും ചെയ്തു.
പൊതുവിപണിയിൽ മറ്റ് ഓപ്ഷനുകൾ ഇല്ലാത്തതിനാൽ ഈ ഇന്ധനം അടിക്കാൻ സാധാരണക്കാർ നിർബന്ധിതരാവുകയാണ്. എന്നാൽ തങ്ങളുടെ വാഹനം ഇ20 ഇന്ധനവുമായി പൊരുത്തപ്പെടുന്നതാണെന്നും വാഹനത്തിന്റെ സ്വാഭാവികമായ തേയ്മാനമോ കൃത്യമായി സർവീസ് ചെയ്യാത്തതോ ആകാം തകരാറിന് കാരണമെന്നുമുള്ള കമ്പനിയുടേയും ഡീലറുടെയും വാദങ്ങളെ കോടതി പൂർണമായും തള്ളി. വാഹനം കൃത്യമായി കമ്പനി വർക്ക്‌ഷോപ്പുകളിൽ എത്തിച്ചിട്ടും പ്രശ്നം ആവർത്തിച്ചത് ഇന്ധന പൊരുത്തക്കേട് മൂലമുള്ള തകരാർ പരിഹരിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ലെന്ന ഉപഭോക്താവിന്റെ വാദത്തെയാണ് ബലപ്പെടുത്തുന്നതെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
ഇന്ധനം തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യം കേന്ദ്ര നയങ്ങൾ മൂലം എങ്ങനെ ഹനിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് കമ്മീഷൻ നടത്തിയ നിരീക്ഷണം ഏറെ പ്രസക്തമാണ്. നിലവിൽ രാജ്യത്തെ പെട്രോൾ പമ്പുകളിൽ സാധാരണയായി ലഭ്യമാകുന്നത് ഇ20 ഇന്ധനമാണെന്നും ഉപഭോക്താക്കൾക്ക് മറ്റ് പ്രായോഗിക ബദലുകളൊന്നും വിപണിയിൽ ലഭ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന്റെ നയങ്ങൾ കാരണം മറ്റ് വഴികളില്ലാതെ ഉപഭോക്താവ് ഇ20 പെട്രോൾ അടിക്കാൻ നിർബന്ധിതനാകുമ്പോൾ അതിന്റെ ആഘാതവും തകരാറുകളും ഉപഭോക്താവ് തന്നെ സഹിക്കണമെന്ന് നിർമാതാക്കൾ വാശിപിടിക്കുന്നത് ന്യായമല്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. പരാതിക്കാരന് അനുകൂലമായി വാഹനത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ചിലവായ തുക മുഴുവനായി തിരികെ നൽകാൻ നിർമ്മാതാക്കൾക്കും ഡീലർക്കും കമ്മീഷൻ നിർദ്ദേശം നൽകി.
ഇതിന് പുറമെ ഉപഭോക്താവിനുണ്ടായ മാനസിക ബുദ്ധിമുട്ടുകൾക്കും നിയമനടപടികൾക്കുമായി വന്ന ചിലവുകൾക്കും പ്രത്യേക നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടിട്ടുണ്ട്. വിധി നടപ്പാക്കാൻ കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും ഈ കാലയളവിനുള്ളിൽ തുക നൽകിയില്ലെങ്കിൽ പലിശ സഹിതം ഈടാക്കുമെന്നും കോടതി വ്യക്തമാക്കി.











0 comments