ad
Deshabhimani

ഹോർമുസ് പ്രതിസന്ധി രൂക്ഷം: ഇറാൻ സൈനിക കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം

Iran

യുഎസ് ഇറാനിൽ നടത്തിയ വ്യോമാക്രമണം| Photo: Unsplash

വെബ് ഡെസ്ക്

Published on Jul 16, 2026, 08:18 AM | 1 min read

തെഹ്‌റാൻ : ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുന്ന ഇറാൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് മിലിട്ടറി വീണ്ടും ശക്തമായ വ്യോമാക്രമണം നടത്തി. അന്താരാഷ്ട്ര വ്യാപാര മേഖലയിൽ നിർണായകമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സ്വതന്ത്രമായ സഞ്ചാരത്തിന് തടസ്സം നിൽക്കുന്ന ഇറാന്റെ സൈനിക ശേഷി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. യുഎസ് പ്രസിഡന്റിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് നടപടിയെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി.


ഹോർമുസ് കടലിടുക്ക് അടയ്ക്കുകയാണെന്ന് ഇറാൻ പ്രഖ്യാപിക്കുകയും ഒമാൻ കടലിൽ വെച്ച് നിരവധി ഓയിൽ ടാങ്കറുകൾക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തതിനെ തുടർന്നാണ് മേഖലയിൽ സംഘർഷം കടുത്തത്. ഇതോടെ ഇറാനിയൻ തുറമുഖങ്ങൾക്ക് യുഎസ് നാവിക ഉപരോധം ഏർപ്പെടുത്തുകയും ഇറാന്റെ തീരദേശ പ്രതിരോധ സംവിധാനങ്ങൾ, ക്രൂയിസ് മിസൈൽ സംഭരണശാലകൾ, വിക്ഷേപണ കേന്ദ്രങ്ങൾ എന്നിവയ്ക്ക് നേരെ തിരിച്ചടിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും യുഎസ് ആക്രമണം ശക്തമാക്കിയിരിക്കുന്നത്.


അതേസമയം ബഹ്‌റൈൻ, കുവൈറ്റ്, ജോർദാൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സും ആക്രമണം തുടരുകയാണ്. യുഎസിന്റെ ആക്രമണങ്ങൾ ക്യാൻസർ ബാധിതരായ കുട്ടികളെ ചികിത്സിക്കുന്ന അഹ്വാസിലെ ഷാഹിദ് ബഗേയ് ഹോസ്പിറ്റലിന് സമീപമാണ് പതിച്ചതെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആർഐബി റിപ്പോർട് ചെയ്തു.


ആക്രമണത്തെ തുടർന്ന് ആശുപത്രി താത്കാലികമായി ഒഴിപ്പിക്കേണ്ടി വന്നതായും കുട്ടികളുടെ സുരക്ഷ മുൻനിർത്തി കുടുംബങ്ങൾ തെരുവുകളിലേക്ക് മാറിയതായും ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആഗോളതലത്തിൽ വിതരണം ചെയ്യുന്ന എണ്ണയുടെയും വാതകത്തിന്റെയും അഞ്ചിലൊന്നും കടന്നുപോകുന്ന പ്രധാന ജലപാതയെ കേന്ദ്രീകരിച്ച്ഇ രുവിഭാഗങ്ങളും തമ്മിലുള്ള ശത്രുത അഞ്ചാം ദിവസവും തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home