കാനഡയിൽ കാട്ടുതീ പടരുന്നു; അമേരിക്കൻ സംസ്ഥാനങ്ങളിൽ വായുനിലവാര മുന്നറിയിപ്പ്

Photo:Screengrab X
ഒന്റാറിയോ : കാനഡയിൽ അതി രൂക്ഷമായ കാട്ടുതീ പടരുന്നു. പുകപടലങ്ങൾ കാനഡ-യുഎസ് അതിർത്തി കടന്ന് പടർന്നതോടെ ന്യൂയോർക്ക്, മിഷിഗൺ ഉൾപ്പെടെയുള്ള നിരവധി അമേരിക്കൻ സംസ്ഥാനങ്ങളിൽ വായുനിലവാര മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഹൈവേ 11ന് മുകളിൽ ആകാശം കടും ചുവപ്പ് നിറത്തിലായതിന്റെയും റോഡിന് മുകളിൽ കറുത്ത പുക മൂടിയതിന്റെയും ദൃശ്യങ്ങൾ കാലാവസ്ഥാ നിരീക്ഷകർ പങ്കുവെച്ചു.
ടൊറന്റോ നഗരം കനത്ത ഓറഞ്ച് പുകമഞ്ഞിൽ മൂടിയതായും ബുധനാഴ്ച ലോകത്തിലെ ഏറ്റവും മോശം വായുനിലവാരം ഇവിടെയാണ് രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. ഒന്റാറിയോയിലെ പ്രകൃതിവിഭവ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മേഖലയിൽ 148 കാട്ടുതീ ബാധിത പ്രദേശങ്ങളുണ്ട്. ഇതിൽ 69 എണ്ണം ഇപ്പോഴും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല.
ആംസ്ട്രോങ്ങ്, വൈറ്റ്സാൻഡ് ഫസ്റ്റ് നേഷൻ ഉൾപ്പെടെയുള്ള നിരവധി പ്രദേശങ്ങളിൽ നിന്ന് ആളുകളെ നിർബന്ധിതമായി ഒഴിപ്പിച്ചു. ഇവരെ തണ്ടർ ബേ, ടൊറന്റോ എന്നിവിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.
ബഫല്ലോ, ഡെട്രോയിറ്റ് തുടങ്ങിയ യുഎസ് നഗരങ്ങളിലെ വായുനിലവാരം ക്രമാതീതമായി കുറഞ്ഞു. വെസ്റ്റേൺ ന്യൂയോർക്കിൽ അപകടകരമായ PM2.5 കണങ്ങൾ അന്തരീക്ഷത്തിൽ പടരുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി. ന്യൂയോർക്ക്, മസാച്യുസെറ്റ്സ്, വെർമോണ്ട് തുടങ്ങിയ സംസ്ഥാനങ്ങളിലും ഓറഞ്ച് ആകാശം ദൃശ്യമായി. വെള്ളിയാഴ്ചയോടെ കാറ്റിന്റെ ദിശ മാറുകയും മഴ പെയ്യുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.









0 comments