ad
Deshabhimani

വൈദ്യുതി നിയന്ത്രണം എത്രകാലമെന്ന് വ്യക്തമല്ല; മന്ത്രി സണ്ണി ജോസഫ്

Sunny joseph

വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

വെബ് ഡെസ്ക്

Published on Jul 16, 2026, 09:25 AM | 2 min read

തിരുവനന്തപുരം : സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡ്ഡിങ്ങിന് പിന്നാലെ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ കൈമലർത്തൽ. സംസ്ഥാനത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള കടുത്ത വൈദ്യുതി നിയന്ത്രണങ്ങൾ എത്രനാൾ തുടരേണ്ടി വരുമെന്ന് വ്യക്തമല്ലെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. കെടുകാര്യസ്ഥത മറച്ചുവെക്കാൻ മുൻകാല സർക്കാരുകളുടെ മേൽ കുറ്റം ചാരുന്ന ദയനീയ കാഴ്ചയ്ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.


കേന്ദ്ര പൂളിൽ നിന്ന് ലഭിക്കേണ്ട വൈദ്യുതിയിൽ വലിയ കുറവുണ്ടായതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് മന്ത്രിയുടെ പ്രധാന ന്യായീകരണം. ഇതോടൊപ്പം മുൻപ് കൈമാറ്റ വ്യവസ്ഥയിൽ വാങ്ങിയ വൈദ്യുതി തിരിച്ചുനൽകേണ്ട ബാധ്യത കൂടി നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ, കൃത്യമായ ആസൂത്രണമോ ദീർഘവീക്ഷണമോ ഇല്ലാതെ വൈദ്യുതി കരാറുകളിൽ ഏർപ്പെട്ടതാണ് സംസ്ഥാനത്തെ ഈ പരുവത്തിലാക്കിയതെന്നാണ് പുതിയ ന്യായീകരണം. കൃത്യമായ വേനൽക്കാല മാനേജ്മെന്റ് നടത്തുന്നതിൽ പരാജയപ്പെട്ട കെഎസ്ഇബിയും സർക്കാരുമാണ് ജനങ്ങളെ ഈ കടുത്ത ഊർജ്ജപ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്.


ഭരണപരാജയത്തെ മുൻ ഇടത് സർക്കാരിന്റെ കാലത്തെ പ്രതിസന്ധികളുമായി താരതമ്യം ചെയ്ത് ന്യായീകരിക്കാനാണ് മന്ത്രി സണ്ണി ജോസഫ് ശ്രമിച്ചത്. മുൻപും സമാന രീതിയിൽ വൈദ്യുതി നിയന്ത്രണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിസന്ധികൾ മുൻകൂട്ടി കണ്ട് വൈദ്യുതി വാങ്ങുന്നതിനോ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്നതിനോ സർക്കാർ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. യുഡിഎഫ്‌ സർക്കാർ അധികാരമേറ്റതിനുപിന്നാലെ ജൂൺ 16നാണ് അപ്രഖ്യാപിത ലോഡ്‌ ഷെഡ്ഡിങ്‌ നടപ്പാക്കിയത്. തുടർന്ന്‌ ജൂൺ 30വരെ ഒ‍ൗദ്യോഗികമായി പ്രഖ്യാപിച്ചു. മികച്ച ആസൂത്രണത്തിലൂടെ എൽഡിഎഫ്‌ സർക്കാർ 10 വർഷം ലോഡ്‌ ഷെഡ്ഡിങ്‌ അകറ്റിനിർത്തിയിരുന്നു.


കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപഭോഗം 80.4 ദശലക്ഷം യൂണിറ്റാണ്‌. ആഭ്യന്തര ഉൽപ്പാദനം 17.18 ദശലക്ഷം യൂണിറ്റും. അധിക നിരക്കിൽ ഡീപ്‌ പോർട്ടലിൽനിന്ന്‌ വൈദ്യുതി വാങ്ങാനുള്ള ഹ്രസ്വകാല കരാറിന്‌ റെഗുലേറ്ററി കമീഷൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ആവശ്യത്തിന്‌ ലഭ്യതയില്ല. എൽനിനോ പ്രതിഭാസം കാരണം മഴകുറഞ്ഞതും താപനില ഉയർന്നതും വൈദ്യുതി ഉപഭോഗം വർധിപ്പിക്കുകയും ചെയ്തു.


ഭാവിയിൽ പ്രതിസന്ധി മറികടക്കാൻ ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങൾ വർധിപ്പിക്കുമെന്ന വാഗ്ദാനവും മന്ത്രി മുന്നോട്ടുവെച്ചിട്ടുണ്ട്. കെടുകാര്യസ്ഥത മൂലം വ്യവസായ മേഖലയും വിദ്യാർത്ഥികളും സാധാരണക്കാരും ഒരുപോലെ ദുരിതത്തിലായ സാഹചര്യത്തിലും ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാനാണ് സർക്കാർ ശ്രമിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home