വൺപ്ലസ് യുഎസിലും യൂറോപ്പിലും പ്രവർത്തനം അവസാനിപ്പിക്കുമെന്ന് റിപ്പോർട്ട്; ഇന്ത്യയിൽ നിന്നും പിന്മാറിയേക്കും

Photo: Unsplash
ന്യൂയോർക്ക് : ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡായ വൺപ്ലസ് ഈ ആഴ്ചയോടെ അമേരിക്കയിലെയും യൂറോപ്പിലെയും പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നു. വൺപ്ലസിന്റെ കമ്പനിയായ ഓപ്പോ നടത്തുന്ന വിപുലമായ പുനസംഘടനയുടെ ഭാഗമായാണ് ഈ നിർണായക നീക്കമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
വൺപ്ലസ് ചൈനയിൽ പ്രവർത്തനം തുടരുമെങ്കിലും, യുഎസിനും യൂറോപ്പിനും പിന്നാലെ 2027ഓടെ ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് ആഗോള വിപണികളിൽ നിന്നും ബ്രാൻഡ് പിന്മാറിയേക്കുമെന്നാണ് സൂചന. ഇതോടൊപ്പം ഓപ്പോയുടെ മറ്റൊരു ഉപബ്രാൻഡായ റിയൽമി ചൈനീസ് വിപണിയിൽ നിന്ന് പൂർണമായും പിന്മാറുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വിവിധ വിപണികളിലുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി, യുഎസ്, യൂറോപ്പ്, ഇന്ത്യ എന്നിവിടങ്ങളിലെ വൺപ്ലസ് ഫോണുകളുടെ മന്ദഗതിയിലുള്ള വിൽപ്പന, ചൈനീസ് നിർമിത ഉപകരണങ്ങൾ അമേരിക്കൻ വിപണിയിൽ വിൽക്കുന്നതുമായി ബന്ധപ്പെട്ട ഭൗമരാഷ്ട്രീയ തർക്കങ്ങൾ എന്നിവയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കമ്പനിയെ നയിച്ചത്. ആപ്പിളുമായി നിലനിൽക്കുന്ന വ്യാപാര രഹസ്യ ലംഘന കേസും ഓപ്പോയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.
പുതിയ പുനസംഘടനയുടെ ഭാഗമായി ഓപ്പോ തങ്ങളുടെ ശ്രദ്ധ സെൻട്രൽ യൂറോപ്പിലേക്ക് മാറ്റും. റിയൽമി ഫിൻലാൻഡ്, ഡെന്മാർക്ക്, സ്വീഡൻ, ഐസ്‌ലാൻഡ് തുടങ്ങിയ നോർഡിക് വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ഈ പ്രദേശങ്ങളിൽ നിലവിൽ ബ്രാൻഡുകൾക്ക് ശക്തമായ സ്വാധീനമുണ്ട്.
ആപ്പിൾ, സാംസങ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഫോണുകളോട് കിടപിടിക്കുന്ന പ്രീമിയം സവിശേഷതകൾ കുറഞ്ഞ വിലയിൽ നൽകി ഫ്ലാഗ്ഷിപ്പ് കില്ലർ എന്ന പേരിലായിരുന്നു വൺപ്ലസ് വിപണിയിൽ തരംഗം സൃഷ്ടിച്ചത്. എന്നാൽ സമീപവർഷങ്ങളിൽ ബ്രാൻഡിന്റെ ജനപ്രീതിയിൽ വലിയ ഇടിവുണ്ടായി. യുഎസിൽ ആപ്പിളിനും സാംസങിനും പിന്നിലായ വൺപ്ലസ്, മോട്ടറോളയ്ക്കും ഗൂഗിളിനും താഴേക്ക് പോയിരുന്നു. ചൈനീസ് ആഭ്യന്തര വിപണിയിൽ ഓപ്പോ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ഹുവായ്, ആപ്പിൾ എന്നിവയ്ക്ക് പിന്നിലാണ്.
സ്മാർട്ട്ഫോൺ നിർമ്മാണ സാമഗ്രികളുടെ ചെലവ് ക്രമാതീതമായി ഉയർന്നത് വ്യവസായത്തെ ആകെ ബാധിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് വൺപ്ലസിന്റെ ജനപ്രിയ മിഡ്-റേഞ്ച് സീരീസായ നോർഡ് ഫോണുകളുടെ ഉത്പാദനത്തെ ഇത് ദോഷകരമായി ബാധിച്ചു. ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ വൺപ്ലസിന്റെ പ്രധാന വരുമാന മാർഗ്ഗമായിരുന്നു നോർഡ് സീരീസ്. ഇതിന് പുറമെ, കമ്പനിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ വൺപ്ലസ് 15ന്റെ യുഎസിലെ ലോഞ്ച് സർക്കാർ ഷട്ട്ഡൗൺ മൂലം വൈകിയതും ബ്രാൻഡിന് വലിയ തിരിച്ചടിയായിരുന്നു.










0 comments