യുഎസ് – ഇറാൻ സംഘർഷം രൂക്ഷം; ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു

ഹോർമുസ് കടലിടുക്ക്
ടോക്കിയോ : ഇറാൻ സൈനിക താവളങ്ങൾക്ക് നേരെ അമേരിക്ക വീണ്ടും ശക്തമായ ആക്രമണം നടത്തിയതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണം തടസപ്പെടുമെന്ന ആശങ്കയെത്തുടർന്ന് തുടർച്ചയായ നാലാം ദിവസമാണ് വിപണിയിൽ വില വർധനവ് രേഖപ്പെടുത്തുന്നത്.
ഇറാന്റെ തുറമുഖങ്ങൾക്ക് മേൽ യുഎസ് നാവിക ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ ബുധനാഴ്ച ഇറാൻ തീരദേശ പ്രതിരോധ കേന്ദ്രങ്ങൾക്കും മിസൈൽ സൈറ്റുകൾക്കും നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായി മേഖലയിൽ നിന്നുള്ള എണ്ണ കയറ്റുമതി പൂർണ്ണമായി തടയുമെന്ന് ഇറാനും ഭീഷണിപ്പെടുത്തി.
അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില 0.4 ശതമാനം ഉയർന്ന് ബാരലിന് 85.28 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് വില 0.5 ശതമാനം വർധിച്ച് ബാരലിന് 80.02 ഡോളറാവുകയും ചെയ്തു. ഇരു സൂചികകളും നിലവിൽ കഴിഞ്ഞ ഒരു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണുള്ളത്.
മേഖലയിലെ സംഘർഷം കൂടുതൽ വഷളായാൽ യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് വില 85 മുതൽ 87 ഡോളർ വരെ ഉയർന്നേക്കാമെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. ലോകത്തിലെ എണ്ണ, ദ്രവീകൃത പ്രകൃതി വാതക വ്യാപാരത്തിന്റെ അഞ്ചിലൊന്നും നടക്കുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. അതിനാൽ ഇവിടുത്തെ തടസങ്ങൾ ആഗോള വിപണിയെ വൻതോതിൽ ബാധിക്കും.
യെമനിലെ ഹൂതി വിമതരെ ഉപയോഗിച്ച് ചെങ്കടലിലേക്കുള്ള ബാബ് അൽ-മന്ദേബ് പാത കൂടി അടപ്പിക്കാൻ ഇറാൻ നീക്കം നടത്തുന്നതായി അനലിസ്റ്റുകൾ സൂചിപ്പിക്കുന്നു. അങ്ങനെ വന്നാൽ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് എണ്ണക്കടത്തു പാതകളും ഒരേസമയം ഭീഷണിയിലാകും. ഗൾഫ് മേഖലയിലെ പ്രതിസന്ധി തുടർന്നാൽ ഈ വർഷം അവസാനത്തോടെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 110 ഡോളർ കടക്കുമെന്ന് പ്രമുഖ നിക്ഷേപ ബാങ്കായ ഗോൾഡ്മാൻ സാക്സ് മുന്നറിയിപ്പ് നൽകുന്നു.











0 comments