Deshabhimani

എൽഎൽബി പ്രവേശന പരീക്ഷാ മൂല്യനിര്‍ണ്ണയം കീഴ്മേൽ മറിഞ്ഞു, റാങ്കുപട്ടിക മണിക്കൂറുകളുടെ വ്യത്യാസത്തിൽ പിൻവലിച്ചു

llb
വെബ് ഡെസ്ക്

Published on Jul 16, 2026, 11:06 AM | 2 min read

തിരുവനന്തപുരം: വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വട്ടം കറക്കി സംസ്ഥാനത്തെ എൽഎൽബി പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടികയിൽ ഗുരുതര വീഴ്ച. പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ റാങ്ക് ലിസ്റ്റ് മണിക്കൂറുകൾക്കകം പിൻവലിച്ചു. പുതിയ പട്ടിക പുറത്തെത്തിയതോടെ റാങ്കുകൾ മാറിമറിഞ്ഞു. അട്ടിമറി സംശയിച്ച് പരീക്ഷ എഴുതിയ വിദ്യാര്‍ഥികൾ ഒന്നടങ്കം ആശങ്കയിലായി.


ത്രിവത്സര, പഞ്ചവത്സര കോഴ്സുകളുടെ പ്രവേശനത്തിനുള്ള കേരള ലോ എൻട്രൻസ് എക്സാമനേഷൻ പ്രൊവിഷണൽ റാങ്ക് ലിസ്റ്റിലാണ് ഇത്രയും വലിയ വീഴ്ച. മൈനസ് മാര്‍ക്ക് പരിഗണിക്കാതെ മൂല്യ നിര്‍ണ്ണയം നടത്തി റാങ്ക് പട്ടിക പ്രസിധീകരിച്ചു എന്നാണ് പുറത്തുവരുന്ന വിവരം. റാങ്ക് പട്ടിക കണ്ടതോടെ വിദ്യാര്‍ഥികൾ ചിലര്‍ സംശയം ഉയര്‍ത്തി. കമ്മീഷണറേറ്റിൽ വിളിച്ചു. ഇതിന് ശേഷം മാത്രമാണ് ബന്ധപ്പെട്ടവര്‍ ഇക്കാര്യം പരിശോധിച്ചതു തന്നെ. ആൻസര്‍ കീ പുറത്തെത്തിയതോടെ ഒത്തുനോക്കിയ വിദ്യാര്‍ഥികൾ പിഴവ് പെട്ടെന്ന് കണ്ടെത്തി. കമ്മീഷണറേറ്റിൽ അത്രയും അശ്രദ്ധമായാണ് പട്ടിക തയാറാക്കിയത് എന്നും രക്ഷിതാക്കൾ പരാതിപ്പെട്ടു. മാത്രമല്ല പട്ടിക പുതുക്കി പ്രസിധീകരിച്ചതിലും പിഴവുകൾ പരാതിയായി.


ശരിയുത്തരത്തിന് മൂന്ന് മാര്‍ക്കും തെറ്റായതിന് ഒരു മൈനസ് മാര്‍ക്കും എന്നായിരുന്നു മൂല്യ നിര്‍ണയ കണക്ക്. മാര്‍ക്ക് കൂട്ടിയപ്പോൾ മൈനസ് മാര്‍ക്കിന്റെ കാര്യം വിട്ടു. ചൊവ്വാഴ്ച വൈകീട്ട് തിടുക്കപ്പെട്ട് റാങ്ക് പുറത്തു വിട്ടു. ഇതോടെ മാര്‍ക്ക് കണക്കു കൂട്ടി വിദ്യാര്‍ഥികൾ തങ്ങൾക്ക് പ്രവേശനം ലഭിക്കാവുന്ന കോളേജുകൾ വരെ കണ്ടെത്തി ആത്മവിശ്വാസത്തിലായി.


ഇതിനിടെ ബുധനാഴ്ച രാവിലെ 11 മണിക്ക് പട്ടിക പിൻവലിച്ചു. ഉച്ചയ്ക്ക് രണ്ടുമണിക്ക് പുതിയത് പ്രസിധീകരിച്ചു. ഇതോടെ പ്രവേശനം ഉറപ്പിച്ച പലരും പുറത്തായി. മികച്ച സ്ഥാപനങ്ങളിൽ സീറ്റ് ഉറപ്പിച്ച പലരും പിന്തള്ളപ്പെട്ടു. 100 മുതൽ 400 മാര്‍ക്കിന്റെ വരെ വ്യത്യാസം വന്നതായി വിദ്യാര്‍ഥികൾ പരാതിപ്പെടുന്നു.


ലോ എൻട്രൻസ് എക്സാമിനേഷൻ സംബന്ധിച്ച് നേരത്തെയും വിദ്യാര്‍ഥികൾ പരാതി ഉന്നയിക്കുന്നുണ്ട്. ഈ പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിതമാണ്. ആൻസര്‍ കീയും റാങ്ക് ലിസ്റ്റും എല്ലാം നൽകും എങ്കിലും വിദ്യാര്‍ഥികൾക്ക് അവരുടെ ഉത്തര കടലാസ് ലഭ്യമാക്കുന്നില്ല. ഏത് ചോദ്യത്തിന് മാര്‍ക്ക് ലഭിച്ചു ഏതിന് മൈനസ് മാര്‍ക്ക് ലഭിച്ചു എന്നറിയാൻ മാര്‍ഗമില്ല. മൂല്യനിര്‍ണയത്തിൽ എന്തെങ്കിലും പിഴവുകളോ ഇടപടലുകളോ നടന്നുവോ എന്നറിയാനും മാര്‍ഗ്ഗമില്ല.


കീം ഉൾപ്പെടെ സംസ്ഥാനത്തെ പ്രധാന പ്രവേശ പരീക്ഷകൾ എല്ലാം നടത്തുന്ന സംവിധാനമാണ് വിദ്യാര്‍ഥികളെ വലച്ചത്. ഗുരുതരമായ വീഴ്ച സംബന്ധിച്ച് അധികൃതര്‍ വിശദീകരണത്തിന് തയാറായില്ല. കൃത്യമായ ഉത്തരം കിട്ടാതെയും അട്ടിമറി സംശയിച്ചും വിദ്യാര്‍ഥികളും രക്ഷിതാക്കളും അനിശ്ചിതത്വത്തിലും നിരാശയിലുമായി. അഞ്ചുവര്‍ഷ കോഴ്സിന് 4,879 പേരും ത്രിവത്സര കോഴ്സിന് 2 819 പേരുമാണ് പ്രവേശന അവസരം കാത്തിരിക്കുന്നത്.











deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home