ad
Deshabhimani

സൗദി - അമേരിക്ക; വൻ ആയുധക്കച്ചവടത്തിന് അനുമതി

US-Saudi

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Jul 16, 2026, 11:59 AM | 2 min read

വാഷിം​ഗ്ടൺ : പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്ന സാഹചര്യത്തിൽ സൗദി അറേബ്യയെ മുൻനിർത്തി വീണ്ടും ആധിപത്യം ഉറപ്പിക്കാനും ആയുധക്കച്ചവടം പൊടിപൊടിക്കാനും പുതിയ നീക്കങ്ങളുമായി അമേരിക്ക. സൗദി അറേബ്യയുടെ വ്യോമ പ്രതിരോധം ശക്തമാക്കാനെന്ന വ്യാജേന ഏകദേശം 1.96 ബില്യൺ ഡോളറിന്റെ ആയുധങ്ങൾ വിൽക്കുന്നതിന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ബുധനാഴ്ച അംഗീകാരം നൽകി. ഗൾഫ് മേഖലയിലെ തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന നാറ്റോ ഇതര പ്രമുഖ സഖ്യകക്ഷിയായ സൗദി അറേബ്യയുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനൊപ്പം അമേരിക്കയുടെ വിദേശനയത്തെയും സുരക്ഷാ ലക്ഷ്യങ്ങളെയും പിന്തുണയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വാർത്താക്കുറിപ്പിൽ പരസ്യമായി സമ്മതിക്കുന്നുണ്ട്.


സൗദി അറേബ്യ വാങ്ങാൻ ഉദ്ദേശിക്കുന്ന ആയുധങ്ങളിൽ 20,000ഓളം അഡ്വാൻസ്ഡ് പ്രിസിഷൻ കിൽ വെപ്പൺ സിസ്റ്റങ്ങളും അതിന്റെ വാർഹെഡുകളും ഉൾപ്പെടുന്നു. ചുറ്റുമുള്ള പ്രദേശങ്ങൾക്ക് നാശനഷ്ടങ്ങൾ വരുത്താതെ ലക്ഷ്യങ്ങളെ കൃത്യമായി നശിപ്പിക്കാനുള്ള ചിലവുകുറഞ്ഞ മാർഗ്ഗമാണിതെന്നാണ് യുഎസ് അവകാശപ്പെടുന്നത്. ഈ ഇടപാടിന്റെ പ്രധാന കരാറുകാർ ന്യൂഹാംഷെയറിലെ നാഷുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൻകിട ആയുധ കമ്പനിയായ ബിഎഇ സിസ്റ്റംസ് ആയിരിക്കുമെന്നും അമേരിക്ക അറിയിച്ചിട്ടുണ്ട്. ഈ ആയുധ വില്പന സൗദി അറേബ്യയുടെ പ്രതിരോധം ശക്തമാക്കുമെന്നും യുഎസ് സേനകളുമായും മറ്റ് നാറ്റോ സേനകളുമായും ഉള്ള പരസ്പര പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുമെന്നും അമേരിക്ക വ്യക്തമാക്കി. എന്നാൽ പശ്ചിമേഷ്യയിൽ ചെറുത്തുനിൽക്കുന്ന ഇറാനെ പോലെയുള്ള രാജ്യങ്ങളെ അടിച്ചമർത്താനും യുഎസ് സൈനിക സ്വാധീനം ഉറപ്പിക്കാനുമുള്ള തന്ത്രമാണിത്.


യെമനിലെ ഹൂതി വിമതരുമായി സൗദി അറേബ്യ വീണ്ടും ഒരു യുദ്ധത്തിന്റെ വക്കിലെത്തി നിൽക്കുന്ന പശ്ചാത്തലത്തിലാണ് അമേരിക്കയുടെ ഈ അടിയന്തര ഇടപെടൽ. കഴിഞ്ഞ തിങ്കളാഴ്ച ദക്ഷിണ സൗദി നഗരമായ അബഹയിലെ വിമാനത്താവളത്തിന് നേരെ ഹൂതികൾ മിസൈലുകൾ തൊടുത്തുവിട്ടിരുന്നു. ഇറാനിലെ പരമോന്നത നേതാവിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന ഹൂതി പ്രതിനിധി സംഘം സഞ്ചരിച്ച വിമാനം വഴിതിരിച്ചുവിടാൻ യെമൻ സർക്കാർ സനാ വിമാനത്താവളത്തിൽ ആക്രമണം നടത്തിയതിനെത്തുടർന്നാണ് ഹൂതികളുടെ തിരിച്ചടി ഉണ്ടായത്.


ഇരുപക്ഷവും വീണ്ടും കടുത്ത യുദ്ധത്തിലേക്ക് നീങ്ങുകയും ഇറാന് മേൽ പുതിയ സമുദ്ര ഉപരോധം ഏർപ്പെടുത്തിക്കൊണ്ട് അമേരിക്ക അവിടെ ആക്രമണ പരമ്പരകൾ ശക്തമാക്കുകയും ചെയ്യുന്നതിനിടയിലാണ് പുതിയ ആയുധക്കച്ചവടത്തിന് അമേരിക്ക ഒരുങ്ങുന്നത്. ഈ ആയുധ വില്പന യുഎസിന്റെ പ്രതിരോധ സേനക്ക് യാതൊരുവിധ ദോഷകരമായ ആഘാതവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയാണ് അമേരിക്ക പശ്ചിമേഷ്യയെ ലക്ഷ്യമിട്ടുള്ള യുദ്ധക്കൊതി തുടരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home