എം എ ബേബി പറയാത്ത കാര്യങ്ങൾക്ക് മറുപടിയുമായി വി ഡി സതീശൻ; വ്യാജവാർത്തയുമായി മാതൃഭൂമിയും

തിരുവനന്തപുരം : സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിക്കെതിരെ വ്യാജ ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശനും മാതൃഭൂമി പത്രവും. വി ഡി സതീശൻ മൂകാംബിക ക്ഷേത്രത്തിൽ പോകുന്നതിനെതിരെ എം എ ബേബി ആരോപണം ഉന്നയിച്ചെന്നും സതീശൻ അതിന് മറുപടി നൽകിയെന്നുമായിരുന്നു മാതൃഭൂമിയുടെ വാർത്ത. എന്നാൽ താനിങ്ങനെ പറഞ്ഞിട്ടില്ലെന്ന് എം എ ബേബി വ്യക്തമാക്കി.
മുഖ്യമന്ത്രി അടിക്കടി മൂകാംബിക ക്ഷേത്രത്തിൽ പോകുന്നത് മൃദുഹിന്ദുത്വ സമീപനത്തിന്റെ ഭാഗമാണെന്നും ഹൈന്ദവ സമുദായത്തെ പ്രീണിപ്പിക്കാനുമാണെന്ന എം എ ബേബിയുടെ വിമർശനത്തിന് മറുപടിയുമായി വി ഡി സതീശൻ എന്നായിരുന്നു മാതൃഭൂമിയുടെ വാർത്ത. താൻ മൂകാംബിക ഭക്തനാണെന്നും അടിക്കടി പോകുന്നത് തന്റെ അവകാശമാണെന്നും വി ഡി സതീശൻ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. എം എ ബേബിക്കുള്ള മറുപടിയെന്ന നിലയിലായിരുന്നു സതീശന്റെ പരാമർശം. എന്നാൽ താൻ പറയാത്ത കാര്യത്തിന്റെ പേരിലാണ് സതീശന്റെ പ്രസ്താവനയെന്നും ആരെങ്കിലും പറയുന്നത് കേട്ട് മുഖ്യമന്ത്രി പ്രതികരിക്കരുതെന്നും എം എ ബേബി പറഞ്ഞു.
എവിടെയാണ് ഞാൻ ഇങ്ങനെ വിമർശനം നടത്തിയത്. മൂകാംബിക എന്നുള്ള വാക്ക് ഞാൻ ഉച്ചരിക്കുന്നത് ഇപ്പോൾ ഈ വാർത്ത വായിച്ചപ്പോഴാണ്. പത്രസമ്മേളനം നടത്തിയപ്പോൾ എല്ലാ മാധ്യമങ്ങളും ഉണ്ടായിരുന്നല്ലോ. ഞാൻ നടത്താത്ത ഒരു പരാമർശം എന്ത് അടിസ്ഥാനത്തിലാണ് വി ഡി സതീശൻ മറുപടി പറയാൻ ആധാരമാക്കിയതെന്നും എം എ ബേബി ചോദിച്ചു.











0 comments