ടെക്സസിൽ പ്രളയക്കെടുതി രൂക്ഷം: നദികൾ കരകവിഞ്ഞു, നൂറിലധികം റോഡുകൾ തകർന്നു

ടെക്സസിലെ പ്രളയബാധിത മേഖല| Photo: Reuters
ഹൂസ്റ്റൺ : കനത്ത പ്രളയക്കെടുതിയിൽ അകപ്പെട്ട് അമേരിക്കൻ സംസ്ഥാനമായ ടെക്സസ്. കനത്ത മഴയെത്തുടർന്ന് നദികൾ കരകവിഞ്ഞൊഴുകിയതോടെ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയങ്ങളിലൊന്നിനാണ് ടെക്സസ് സാക്ഷ്യം വഹിക്കുന്നത്. നൂറിലധികം റോഡുകൾ തകരുകയും നൂറുകണക്കിന് ആളുകൾ വെള്ളപ്പൊക്കത്തിൽ കുടുങ്ങുകയും ചെയ്തു.
വെള്ളത്തിൽ ഒറ്റപ്പെട്ടുപോയ നിരവധി ആളുകളെ അടിയന്തര രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സാൻ അന്റോണിയോയ്ക്ക് വടക്കുപടിഞ്ഞാറുള്ള ന്യൂസെസ് നദീതടത്തെയാണ് പ്രളയം ഏറ്റവും മാരകമായി ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിലുണ്ടായ പ്രളയത്തിൽ 140ഓളം പേർ മരണപ്പെട്ട അതേ മേഖലയിലാണ് ഇപ്പോൾ വീണ്ടും പ്രളയക്കെടുതി രൂക്ഷമായിരിക്കുന്നത്.
നിലവിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഗവർണർ അറിയിച്ചു. എന്നാൽ അടുത്ത 24 മുതൽ 48 മണിക്കൂർ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനകം എഴുപത്തിയഞ്ചിലധികം പേരെ രക്ഷപ്പെടുത്തി. ഇതിൽ ഭൂരിഭാഗവും വാഹനങ്ങളിൽ കുടുങ്ങിയ യാത്രക്കാരാണ്. ടെക്സസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ഗവർണർ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ 59 ജില്ലകളിൽ ദുരന്ത നിവാരണ പ്രഖ്യാപനം നടത്തി. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി 30 ഓളം ഏജൻസികളിൽ നിന്നുള്ള 1300 ഓളം ഉദ്യോഗസ്ഥരെ വിന്യസിച്ചു. വ്യാഴാഴ്ച രാവിലെ വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ടെക്സസിന് പുറമെ അരിസോണ, തെക്കൻ യൂട്ടാ തുടങ്ങിയ പ്രദേശങ്ങളിലും കനത്ത മഴയെത്തുടർന്ന് മിന്നൽ പ്രളയ മുന്നറിയിപ്പ് നൽകി.











0 comments