ad
Deshabhimani

തിരുവനന്തപുരം മെട്രോ: വിശദ പദ്ധതിരേഖ സർക്കാരിന് ഉടൻ കൈമാറും; ആദ്യഘട്ടം 31 കിലോമീറ്റർ

Thiruvananthapuram metro

Representative Image

വെബ് ഡെസ്ക്

Published on Jul 16, 2026, 11:44 AM | 1 min read

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള തിരുവനന്തപുരം മെട്രോ റെയിൽ ആദ്യഘട്ടത്തിന്റെ വിശദ പദ്ധതിരേഖ ഉടൻ സംസ്ഥാന സർക്കാരിന്‌ കൈമാറും. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്‌ (കെഎംആർഎൽ) കൈമാറുന്ന രേഖ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചശേഷം കേന്ദ്ര സർക്കാരിന്റെ അനുമതികൂടി ലഭിച്ചാൽ നിർമാണം അടക്കമുള്ള നടപടികളിലേക്ക്‌ കടക്കാനാകും. നവംബറിൽ ആദ്യഘട്ട അലൈൻമെന്റിന്‌ എൽഡിഎഫ്‌ സർക്കാർ അംഗീകാരം നൽകിയതോടെയാണ്‌ നടപടികൾ വേഗത്തിലായത്‌.


തമ്പാനൂർ ബസ്‌സ്റ്റാൻഡ്‌, റെയിൽവേ സ്റ്റേഷൻ, സെക്രട്ടറിയറ്റ്‌, മെഡിക്കൽ കോളേജ്‌, ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം തുടങ്ങിയ തലസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതാണ്‌ മെട്രോയുടെ ആദ്യഘട്ടം. 31 കിലോമീറ്റർ പാതയ്ക്ക്‌ 8000 കോടിയാണ്‌ ചെലവ്‌ കണക്കാക്കുന്നത്‌. പാപ്പനംകോടുനിന്ന്‌ ആരംഭിക്കുന്ന പാത കരമന, തമ്പാനൂർ, സെക്രട്ടറിയറ്റ്‌, പാളയം, പട്ടം, മെഡിക്കൽ കോളേജ്‌, ഉള്ളൂർ, കാര്യവട്ടം, കഴക്കൂട്ടം, ടെക്‌നോപാർക്ക്‌, ആക്കുളം, ചാക്ക വഴി ഇ‍ൗഞ്ചയ്ക്കലിൽ എത്തും.


അനുമതികൾക്കായി ആറുമാസമാണ്‌ പ്രതീക്ഷിക്കുന്നത്‌. രണ്ടര വർഷംകൊണ്ട്‌ നിർമാണം പൂർത്തിയാക്കാനാകും. പദ്ധതിത്തുകയുടെ 20 ശതമാനംവീതം കേന്ദ്ര– സംസ്ഥാന സർക്കാർ വഹിക്കും. 60 ശതമാനം തുക വായ്‌പയാകും. സർക്കാർ വിഹിതം വർധിപ്പിച്ചാൽ വായ്‌പാതുക കുറയും. എൽഡിഎഫ്‌ സർക്കാരാണ്‌ തിരുവനന്തപുരം, കോഴിക്കോട് മെട്രോകളുടെ ചുമതല കെഎംആർഎല്ലിന്‌ കൈമാറിയത്‌. മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂർ, പട്ടം മേൽപ്പാലങ്ങളുടെ നിർമാണ ചുമതല കെഎംഎആർഎല്ലിന്‌ കൈമാറിയിരുന്നു.


ശ്രീകാര്യം മേൽപ്പാലം നിർമാണം പുരോഗമിക്കുകയാണ്‌. കൊച്ചിയിൽ പ്രതിദിനമുള്ള യാത്രക്കാരുടെ അത്രയോ അതിൽ കൂടുതലോ ആണ്‌ തിരുവനന്തപുരത്തും പ്രതീക്ഷിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home