ad
Deshabhimani

സ്ത്രീകൾക്ക് സ്വർണം സ്വന്തമായി സൂക്ഷിക്കാനുള്ള അറിവുണ്ട്; ഭർത്താവിനെ ഏൽപ്പിക്കുമെന്ന് കരുതാനാകില്ല: ഹൈക്കോടതി

kerala high court
വെബ് ഡെസ്ക്

Published on Jul 16, 2026, 11:58 AM | 1 min read

കൊച്ചി: വിദ്യാസമ്പന്നരായ പുതിയകാലത്തെ സ്ത്രീകൾ വിവാഹം കഴിഞ്ഞ് ഭർത്തൃവീട്ടിൽ എത്തിയാലുടൻ തങ്ങളുടെ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്കുമെന്ന് മുൻകൂട്ടി കരുതാനാകില്ലെന്ന് കേരള ഹൈക്കോടതി. ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ടെന്നും കോടതി നിരീക്ഷിച്ചു.


വിവാഹാഘോഷത്തിന് മുടക്കുന്ന പണം ഇരുവിഭാഗത്തിന്റെയും പൊതുചെലവാണ്. അതിനാൽ വിവാഹമോചനക്കേസുകളിൽ അത് ഭാര്യയ്ക്കോ ഭർത്താവിനോ മടക്കിനൽകാൻ വിധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. മൂവാറ്റുപുഴ കുടുംബകോടതി വിധിച്ച നഷ്ടപരിഹാരം കൂടുതലാണെന്ന് കാണിച്ച് ഭർത്താവും വീട്ടുകാരും നൽകിയ ഹർജി ഭാഗികമായി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ കെ പ്രീത എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഈ സുപ്രധാന നിരീക്ഷണം.


വിവാഹനിശ്ചയത്തിന് കൈമാറിയ 5 ലക്ഷം രൂപയും, 80 പവൻ സ്വർണവും, വിവാഹച്ചെലവായ 6,89,350 രൂപയും യുവതിക്ക് മടക്കിനൽകണമെന്നായിരുന്നു കുടുംബകോടതിയുടെ ആദ്യ ഉത്തരവ്. വിവാഹനിശ്ചയ ദിവസം 5 ലക്ഷം രൂപ കൈമാറിയതിന് വ്യക്തമായ തെളിവുള്ളതിനാൽ അത് മടക്കിനൽകണം. വിവാഹസമയത്ത് പെൺകുട്ടിക്ക് 80 പവൻ സ്വർണമുണ്ടായിരുന്നതായി എസ്.എൻ.ഡി.പി. യോഗം രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ ഭർത്താവ് പണയം വെക്കാനായി വാങ്ങിയ 30 പവന് മാത്രമാണ് കൃത്യമായ തെളിവുള്ളത്. അതിനാൽ ഈ 30 പവൻ മാത്രം മടക്കിനൽകിയാൽ മതിയെന്ന് ഹൈക്കോടതി ഉത്തരവിട്ടു.


വിവാഹസമയത്ത് വധു ധരിച്ചിരിക്കുന്ന സ്വർണാഭരണങ്ങൾ സാമൂഹിക ആചാരങ്ങളുടെയോ കീഴ്‌വഴക്കങ്ങളുടെയോ മാത്രം അടിസ്ഥാനത്തിൽ ഭർത്താവിനെയോ അയാളുടെ വീട്ടുകാരെയോ വിശ്വസിച്ച് ഏൽപ്പിച്ചതാണെന്ന് കുടുംബകോടതികൾ മുൻവിധിയോടെ അനുമാനിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി.


വിവാഹശേഷം സ്വർണം ഭർത്താവിന്റെയോ വീട്ടുകാരുടെയോ കൈവശം എത്തിയെന്ന് വ്യക്തമാക്കുന്ന കൃത്യമായ തെളിവുകൾ ഉണ്ടെങ്കിൽ മാത്രമേ അത് തിരികെ നൽകാൻ ഉത്തരവിടാനാകൂ എന്നും കോടതി ചൂണ്ടിക്കാട്ടി. കേരളത്തിലെ സാമൂഹിക പശ്ചാത്തലത്തിൽ വധുവിന്റെ സ്വർണം ഭർത്താവിന്റെ വീട്ടുകാർ കൈക്കലാക്കുമെന്ന പൊതുവായ ധാരണയുടെ പുറത്ത് മാത്രം കോടതികൾ തീരുമാനങ്ങളിൽ എത്തിച്ചേരരുത്. ഓരോ കേസിലെയും വസ്തുതകളും തെളിവുകളും പ്രത്യേകം പരിശോധിക്കണം.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home