ഈ വര്‍ഷം മാത്രം മേഖലയിൽ കാണാതായ് 1300 പേരെ
ലിബിയൻ തീരത്ത് അഭയാർത്ഥി ബോട്ട് മറിഞ്ഞു; 50 ഓളം പേരെ കടലിൽ കാണാതായി

ഫയൽ ചിത്രം
കെയ്‌റോ: പുതിയ ജീവിതം തേടി യൂറോപ്യൻ തീരം ലക്ഷ്യമാക്കി പുറപ്പെട്ട അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം. സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി.
കിഴക്കൻ ലിബിയയിലെ തീരദേശ നഗരമായ തോബ്രുക്കിന് സമീപമുള്ള ബർദ ദ്വീപിനടുത്ത് ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ഏകദേശം 60 ഓളം യാത്രക്കാരുമായി പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടതെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.
അപകടത്തിൽപ്പെട്ട പത്ത് പേര്‍ സാഹസികമായി നീന്തി കരയിലെത്തി. ഇവര്‍ ബർദ ദ്വീപിൽ അഭയം പ്രാപിച്ചപ്പോഴാണ് അപകട വിവരം പുറംലോകം അറിയുന്നത്. കാണാതായ മറ്റുള്ളവർക്കായി കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ കടലിൽ തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ മാസവും സമാനമായ രീതിയിൽ കിഴക്കൻ ലിബിയൻ തീരത്ത് ബോട്ട് അപകടത്തിൽ 51 അഭയാർത്ഥികൾ മരണപ്പെട്ടിരുന്നു.
2011-ൽ മുഅമ്മർ ഗദ്ദാഫിയുടെ പതനത്തിന് ശേഷം ആഭ്യന്തര കലാപം രൂക്ഷമായ ലിബിയ അടുത്ത കാലത്തായി ആഫ്രിക്കയിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നും യൂറോപ്പിലേക്ക് കടക്കാനും യുദ്ധത്തിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും രക്ഷപ്പെടാനും ആഗ്രഹിക്കുന്ന അഭയാർത്ഥികളുടെ പ്രധാന ഇടത്താവളമായി മാറയിരിക്കയാണ്. മനുഷ്യക്കടത്ത് സംഘങ്ങൾ സുരക്ഷിതമല്ലാത്ത ചെറിയ ബോട്ടുകളിൽ ആളുകളെ കുത്തിനിറച്ച് കൊണ്ടുപോകുന്നതാണ് വൻ ദുരന്തങ്ങൾക്ക് വഴിവെക്കുന്നത്.
ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ കണക്കുകൾ പ്രകാരം ഈ വർഷം ജനുവരി 1 മുതൽ മെയ് 16 വരെയുള്ള കാലയളവിൽ മാത്രം എണ്ണൂറിലധികം അഭയാർത്ഥികളാണ് മെഡിറ്ററേനിയൻ കടൽമാർഗ്ഗമുള്ള യാത്രയിൽ മരണപ്പെടുകയോ കാണാതാവുകയോ ചെയ്തത്. കഴിഞ്ഞ വർഷം ഈ പാതയിൽ 1,300-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. കടൽമാർഗ്ഗമുള്ള അഭയാർത്ഥി പ്രവാഹം വർദ്ധിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയുമാണ്.











0 comments