എൽ നിനോയും കാലാവസ്ഥാ വ്യതിയാനവും ശക്തമാകും; ഏഷ്യയിലും കിഴക്കൻ ആഫ്രിക്കയിലും നിരവധി രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

Representative image | REUTERS/Media Coulibaly/File Photo
നെയ്‌റോബി : എൽ നിനോ മൂലം കിഴക്കൻ ആഫ്രിക്കയിലെയും ഏഷ്യയിലെയും ദുർബലമായ ജനവിഭാഗങ്ങൾക്കിടയിൽ പ്രളയവും സമ്പർക്ക രോഗങ്ങളും കടുത്ത വരൾച്ചയും ഉണ്ടാകും. അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയായ ഇന്റർനാഷണൽ റെസ്ക്യൂ കമ്മിറ്റിയുടെ മുന്നറിയിപ്പ്. ആഭ്യന്തര പ്രശ്നങ്ങളാൽ പ്രതിസന്ധികൾ നേരിടുന്ന കെനിയ, ഉഗാണ്ട, സൊമാലിയ, ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളാണ് ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നത്. നിരവധി പ്രതിസന്ധികൾ ഒരേസമയം ഒത്തുചേരുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നതെന്നും ഇത്തരം ആഘാതങ്ങളെ പ്രതിരോധിക്കാൻ ഒട്ടും ശേഷിയില്ലാത്ത പാവപ്പെട്ട രാജ്യങ്ങളാണ് ഇതിന്റെ വലിയ ഇരകളാകാൻ പോകുന്നതെന്നും ഐ.ആർ.സി അടിയന്തര വിഭാഗം മേധാവി ബോബ് കിച്ചൻ വ്യക്തമാക്കുന്നു.
1950ന് ശേഷമുള്ള ഏറ്റവും ശക്തമായ എൽ നിനോ പ്രതിഭാസങ്ങളിലൊന്നായി ഇത് മാറാൻ 81 ശതമാനം സാധ്യതയുണ്ടെന്നും ഒക്ടോബറിനും ഡിസംബറിനും ഇടയിൽ ഇത് അതിന്റെ പരമാവധി ശക്തിയിലെത്തുമെന്നുമാണ് യുഎസ് ക്ലൈമറ്റ് പ്രെഡിക്ഷൻ സെന്റർ വ്യക്തമാക്കുന്നത്. പസഫിക് സമുദ്രത്തിലെ ജല താപനില നിലവിൽ എക്കാലത്തെയും ഉയർന്ന നിരക്കിലാണെന്നും ഇത് ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു. വികസിത രാജ്യങ്ങളുടെ മുതലാളിത്ത താല്പര്യങ്ങൾ മൂലമുണ്ടാകുന്ന ആഗോള കാലാവസ്ഥാ വ്യതിയാനവും വരൾച്ചയും ധനസഹായങ്ങളുടെ കുറവും മൂലം പട്ടിണിയിലായ ജനവിഭാഗങ്ങൾക്ക് പുതിയ എൽ നിനോയുടെ ആഘാതം താങ്ങാൻ ശേഷിയുണ്ടാകില്ല. പസഫിക് സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന സ്വാഭാവിക വ്യതിയാനമാണ് എൽ നിനോ. ഇത് രണ്ടോ ഏഴോ വർഷങ്ങൾക്കിടയിലാണ് സാധാരണയായി ആവർത്തിക്കാറുള്ളത്.
എൽ നിനോയുടെ ഫലമായി ലോകത്തിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴ ലഭിക്കുമ്പോൾ മറ്റ് ചില ഭാഗങ്ങളിൽ മഴ പൂർണ്ണമായും കുറയും. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ വർഷത്തിന്റെ പകുതിയിൽ കടുത്ത വരൾച്ചയും എന്നാൽ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ അതിശക്തമായ മഴയുമാണ് ഇതിന്റെ ഫലമായി ഉണ്ടാകുക. ഇന്ത്യൻ സമുദ്രത്തിലുണ്ടാകുന്ന സമാനമായ താപവ്യതിയാനം ഈ വർഷം ഇതിന്റെ ആഘാതം ഇരട്ടിയാക്കും. സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിൽ നിലവിൽ തന്നെ പ്രളയം വലിയ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ ഉണ്ടാകാൻ പോകുന്ന പ്രളയം 1997ലെയോ 2023ലെയോ പ്രളയത്തിന് സമാനമായാൽ സൊമാലിയയുടെ തെക്കൻ മേഖലകളിൽ കടുത്ത പട്ടിണി മരണങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. കനത്ത മഴയെ നേരിടാൻ കെനിയ തങ്ങളുടെ ദുരന്തനിവാരണ പദ്ധതികൾ ഇതിനകം തന്നെ സജ്ജമാക്കിയിട്ടുണ്ട്.
ബംഗ്ലാദേശിലെ കോക്സ് ബസാർ അഭയാർത്ഥി ക്യാമ്പുകളിൽ ജൂലൈ ആദ്യം മുതൽ ഉണ്ടായ കനത്ത മഴയിലും ഉരുൾപൊട്ടലിലും 15 രോഹിങ്ക്യൻ അഭയാർത്ഥികൾ കൊല്ലപ്പെടുകയും പതിനായിരത്തിലധികം പേർ ഭവനരഹിതരാകുകയും ചെയ്തു. പാകിസ്താനിലും സമാനമായ രീതിയിൽ വടക്കൻ മലനിരകളിൽ മഞ്ഞുമലകൾ ഉരുകിയുള്ള പ്രളയത്തിനും തെക്കൻ മേഖലകളിൽ വരൾച്ചയ്ക്കുമുള്ള സാധ്യതയുണ്ട്. എൽ നിനോ പൂർണ ശക്തി പ്രാപിച്ചാൽ ഏഷ്യയിലെയും കിഴക്കൻ ആഫ്രിക്കയിലെയും നെൽ ഉത്പാദനം പകുതിയോളം കുറയുമെന്നാണ് ലോകബാങ്ക് മുന്നറിയിപ്പ് നൽകുന്നത്. ഇത് ദശലക്ഷക്കണക്കിന് ആളുകളുടെ ഭക്ഷ്യസുരക്ഷയെ ബാധിക്കും.
അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന യുദ്ധവെറിയും അതിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിൽ ഉണ്ടാകുന്ന സംഘർഷങ്ങളും ആഗോള ഊർജ്ജ വിതരണത്തെ കനത്ത രീതിയിൽ ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ പുതിയ ഭക്ഷ്യക്ഷാമം പ്രതിസന്ധി ഇരട്ടിയാക്കും. സാമ്രാജ്യത്വ യുദ്ധങ്ങൾ കാരണം ഇതിനകം തന്നെ വളങ്ങളുടെ വില ആഗോള വിപണിയിൽ കുതിച്ചുയർന്നിട്ടുണ്ട്. ഇത് പാവപ്പെട്ട കർഷകരെയും കാർഷിക ഉത്പാദനത്തെയും പ്രതികൂലമായി ബാധിച്ചു. ദുരന്തം വിതച്ചതിന് ശേഷം സഹായവുമായി എത്തുന്നതിനേക്കാൾ, ദുരന്തം തടയുന്നതിനുള്ള മുൻകരുതലുകൾക്കായി ഇപ്പോൾ തന്നെ ഫണ്ട് അനുവദിക്കാൻ ദാതാക്കളോട് അന്താരാഷ്ട്ര സഹായ സംഘടനകൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും വികസിത രാജ്യങ്ങൾ യുദ്ധങ്ങൾക്കായി പണം ഒഴുക്കുന്ന തിരക്കിലാണ്.










0 comments