ad
Deshabhimani

'പാസ്‌പോർട്ട് ഇന്ത്യക്കാരുടെ വിദേശയാത്രകൾ നിയന്ത്രിക്കാനുള്ള രേഖ മാത്രം, പൗരത്വ രേഖയല്ല'; കേന്ദ്രത്തിന്റെ മറുപടി

Passport.jpg
വെബ് ഡെസ്ക്

Published on Jul 16, 2026, 08:01 AM | 1 min read

ന്യൂഡൽഹി: പാസ്‌പോർട്ട് എന്നത് ഒരു ഇന്ത്യൻ പൗരന്റെ വിദേശയാത്രകൾ നിയന്ത്രിക്കാനുള്ള ഔദ്യോഗിക രേഖ മാത്രമാണെന്ന് കേന്ദ്ര സർക്കാർ. നിലവിൽ രാജ്യത്തെ ജനസംഖ്യയുടെ 8 ശതമാനം ആളുകൾക്ക് മാത്രമാണ് പാസ്‌പോർട്ട് ഉള്ളതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. പാസ്‌പോർട്ട് എന്നത് ഇന്ത്യൻ പൗരന്മാർ വിദേശത്തേക്ക് പോകുന്നതും തിരികെ വരുന്നതും നിയന്ത്രിക്കാനും നിരീക്ഷിക്കാനുമുള്ള സർക്കാരിന്റെ നിയമപരമായ സംവിധാനമാണെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.


അതേസമയം 1967 ലെ പാസ്പോർട്ട് നിയമപ്രകാരം ഇന്ത്യൻ പാസ്പോർട്ട് പ്രാഥമികമായി ഒരു യാത്രാ രേഖയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാസ്പോർട്ടുകൾ പൗരത്വത്തിന്റെ തെളിവായി കണക്കാക്കാമോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാളാണ് വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.


വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇന്ത്യയിലെ 140 കോടിയിലധികം വരുന്ന ജനങ്ങളിൽ ഏകദേശം 9.6 കോടി ആളുകളുടെ കൈവശം മാത്രമാണ് നിലവിൽ സാധുവായ പാസ്‌പോർട്ടുകൾ ഉള്ളത്. ജനസംഖ്യാ അനുപാതം കണക്കിലെടുക്കുമ്പോൾ രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് പാസ്‌പോർട്ടുള്ള സംസ്ഥാനങ്ങളിൽ കേരളം മുൻപന്തിയിലാണ്. വിദേശ തൊഴിൽ-വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മലയാളി മുൻഗണന നൽകുന്നതാണ് ഇതിന് കാരണം.


പാസ്‌പോർട്ട് ലഭ്യത വെറും 8 ശതമാനത്തിൽ ഒതുങ്ങുന്നുണ്ടെങ്കിലും, വരും വർഷങ്ങളിൽ ഇത് വർദ്ധിപ്പിക്കുന്നതിനായി നടപടികൾ ലളിതമാക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു. ഇതിനായി രാജ്യത്തുടനീളം 'പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളുടെ' എണ്ണം വർദ്ധിപ്പിച്ചു വരികയാണ്. സാധാരണക്കാർക്ക് പാസ്‌പോർട്ട് നടപടികൾ കൂടുതൽ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനായി വികേന്ദ്രീകൃത സംവിധാനങ്ങൾ ശക്തമാക്കുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home