ad
Deshabhimani

'എന്റെ രാജ്യം കള്ളന്മാരുടെ കൈകളിൽ, വാങ്ചുക് നിരാഹാര സമരം അവസാനിപ്പിക്കൂ'; ഗായിക ചിന്മയി ശ്രീപദ

Chinmayi Sripaada sonam wangchuk

സോനം വാങ്‌ചുക്, ചിന്മയി ശ്രീപദ

വെബ് ഡെസ്ക്

Published on Jul 16, 2026, 07:35 AM | 1 min read

ചെന്നൈ: രാജ്യത്തെ നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളിലും നീറ്റ് പരീക്ഷാ വിവാദങ്ങളിലും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രശസ്ത പിന്നണി ഗായിക ചിന്മയി ശ്രീപദ. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ന്യൂഡൽഹിയിലെ ജന്തർ മന്ദറിൽ സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്കിന്റെ ഉപവാസം 18-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അദ്ദേഹം 'കോക്രോച്ച് ജനതാ പാർട്ടി'യുടെ പ്രതിഷേധത്തിലാണ് പങ്കുചേരുന്നത്.


വാങ്ചുക്കിനോട് ഉപവാസം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായിക ചിന്മയി ശ്രീപദ. സോനം വാങ്ചുകിന്റെ ജീവനിൽ ആശങ്ക പ്രകടിപ്പിച്ച ചിന്മയി, ഭരണാധികാരികളുടെ അനാസ്ഥയെയും അഴിമതിയെയും കടുത്ത ഭാഷയിലാണ് വിമർശിച്ചത്. തന്റെ എക്സ് ഹാൻഡിലിലൂടെയാണ് ചിന്മയി വൈകാരികവും ശക്തവുമായ കുറിപ്പ് പങ്കുവെച്ചത്.


"ആരെങ്കിലും ദയവായി വാങ്ചുകിനെക്കൊണ്ട് ഈ നിരാഹാര സമരം അവസാനിപ്പിക്കൂ എന്നാണ് ചിന്മയി കുറിച്ചത്. ഓരോ നിമിഷവും 'ധർമ്മം' എന്ന വാക്ക് അങ്ങാടിയിൽ വിൽക്കപ്പെടുന്ന, അങ്ങേയറ്റം അഴിമതി നിറഞ്ഞ, മനസ്സാക്ഷിയില്ലാത്ത മനുഷ്യർ ഭരിക്കുന്ന ഒരു മനോഹരമായ നാടാണ് എന്റേത്. അവരുടെ അണികളും അത്രതന്നെ ക്രൂരന്മാരാണ്. കള്ളന്മാരുടെ കയ്യിലകപ്പെട്ട എത്ര മനോഹരമായ രാജ്യം"- ചിന്മയി എക്സിൽ കുറിച്ചു.


ദേശീയതലത്തിൽ മെഡിക്കൽ പ്രവേശന പരീക്ഷയായ 'നീറ്റ്' ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ചിന്മയിയുടെ ഈ പ്രതികരണം. സോനം വാങ്ചുക് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തോട് കേന്ദ്ര സർക്കാർ പുലർത്തുന്ന അവഗണനയെയും ഗായിക കടുത്ത ഭാഷയിൽ ചോദ്യം ചെയ്യുന്നു.


എക്സ് പോസ്റ്റിന്റെ പൂർണരൂപം:


"ദയവായി ആരെങ്കിലും മിസ്റ്റർ വാങ്ചുക്കിനോട് ഉപവാസം അവസാനിപ്പിക്കാൻ പറയുക. NEET വിദ്യാർത്ഥികൾതന്നെ പേപ്പർ ചോർച്ചകളിലും പുനഃപരീക്ഷകളിലും തളർന്നിരിക്കുന്നതിനാൽ സോനം വാങ്ചുക്കിനെക്കുറിച്ച് ചിന്തിക്കാൻ പോലും സമയം കിട്ടുന്നില്ല. എന്റേത് വളരെ അഴിമതി നിറഞ്ഞ, മനസ്സാക്ഷിയില്ലാത്ത ഒരുപാട് ആളുകളാൽ ഭരിക്കപ്പെടുന്ന മനോഹരമായ ഭൂമിയാണ്. അവരുടെ അനുയായികൾ അവരുടെ യജമാനന്മാരെപ്പോലെ ക്രൂരന്മാരാണ്. ധർമം എന്ന വാക്ക് ഓരോ നിമിഷവും ദുരുപയോഗം ചെയ്യുന്നു. തെമ്മാടികളുടെ കയ്യിൽപ്പെട്ട മനോഹരമായ രാജ്യം. ദൈവം എന്റെ രാജ്യത്തെ രക്ഷിക്കട്ടെ."









deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home