ad
Deshabhimani

'നയതന്ത്ര ചർച്ചകൾക്കൊപ്പം യുദ്ധത്തിനും രാജ്യം സജ്ജമാകണം'; ഇറാൻ പാർലമെന്റ് സ്പീക്കർ

Trump.jpg
വെബ് ഡെസ്ക്

Published on Jul 16, 2026, 06:24 AM | 1 min read

തെഹ്റാൻ: രാജ്യം നയതന്ത്ര ചർച്ചകൾക്ക് പ്രാധാന്യം നൽകുമ്പോൾ തന്നെ, ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഏതു നിമിഷവും യുദ്ധത്തിന് സജ്ജമായിരിക്കണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കറും മുഖ്യ ചർച്ചക്കാരനുമായ മുഹമ്മദ് ബഖർ ഖാലിബാഫ്. ഇറാന് നേരെ വ്യോമാക്രമണം ശക്തമാക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത മുന്നറിയിപ്പിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം.


ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ വ്യോമാക്രമണം കൂടുതൽ ശക്തമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചർച്ചകളിലേക്ക് ഇറാൻ മടങ്ങിയെത്തിയില്ലെങ്കിൽ അടുത്ത ആഴ്ച മുതൽ രാജ്യത്തെ ഊർജ്ജ നിലയങ്ങളും പാലങ്ങളും ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.


എന്നാൽ, അമേരിക്കയുടെ ഈ നീക്കങ്ങളോട് ശക്തമായ ഭാഷയിലാണ് ഇറാൻ പ്രതികരിച്ചത്. "ഇറാൻ ഒരിക്കലും ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാൽ രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും കാത്തുസൂക്ഷിക്കാൻ അവസാന ശ്വാസം വരെ പോരാടാൻ നാം സജ്ജരായിരിക്കണം," ഖാലിബാഫ് പ്രസ്താവനയിൽ വ്യക്തമാക്കി. യുദ്ധവും നയതന്ത്രവും ഒന്നിച്ച് കൊണ്ടുപോകുന്ന തന്ത്രപരമായ പ്രതിരോധ രീതിയാണ് ഇറാൻ പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നത് ഇറാന്റെ ദേശീയ താല്പര്യങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന കാര്യമാണെന്ന് വ്യക്തമാക്കിയ സ്പീക്കർ, ചർച്ചകൾ എന്നാൽ കീഴടങ്ങലല്ലെന്നും അത് പ്രതിരോധത്തിന്റെ മറ്റൊരു രൂപം മാത്രമാണെന്നും ഓർമ്മിപ്പിച്ചു.


അമേരിക്കയുമായി നിലവിൽ ചർച്ചകൾക്കൊന്നും പദ്ധതിയില്ലെന്നും രാജ്യം പൂർണ്ണമായും പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇയും വ്യക്തമാക്കി. യുഎസിന്റെ ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്ന നിലപാടിൽ ഇരുരാജ്യങ്ങളും ഉറച്ചുനിൽക്കുന്നതോടെ മേഖലയിൽ കനത്ത യുദ്ധഭീതിയാണ് നിലനിൽക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home