print edition പി കൃഷ്ണപിള്ളദിനം ആചരിക്കുക: സിപിഐ എം

തിരുവനന്തപുരം: പി കൃഷ്ണപിള്ളദിനം 19ന് ആചരിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു. പി കൃഷ്ണപിള്ള വിട്ടുപിരിഞ്ഞിട്ട് 19ന് 78 വർഷം തികയും. 1937ൽ കോഴിക്കോട്ട് രൂപീകരിച്ച ആദ്യ കമ്യൂണിസ്റ്റ് പാർടി യൂണിറ്റിന്റെ സെക്രട്ടറിയായിരുന്നു അദ്ദേഹം.
എല്ലാവർക്കും സഖാവായിരുന്നു പി കൃഷ്ണപിള്ള. ആലപ്പുഴയിലെ കയർത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടൺമിൽ തൊഴിലാളികളെയും കണ്ണൂരിലെ ബീഡിതെറുപ്പ്–നെയ്ത്ത് തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്നതിൽ കൃഷ്ണപിള്ളയുടെ നേതൃപരമായ പങ്ക് വലുതാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ സ്ഥാപക സെക്രട്ടറിയുമായിരുന്നു. ഒളിവ് ജീവിതത്തിനിടെ പാമ്പുകടിയേറ്റ് 1948 ആഗസ്ത് 19നായിരുന്നു സഖാവിന്റെ മരണം.
സംസ്ഥാനത്ത് മൂന്ന് മാസംമുമ്പ് അധികാരത്തിൽവന്ന യുഡിഎഫ് സർക്കാർ ജനദ്രോഹനയങ്ങൾ ഓരോന്നായി നടപ്പാക്കുന്ന സാഹചര്യത്തിലാണ് ഇത്തവണ പി കൃഷ്ണപിള്ളയുടെ സ്മരണ പുതുക്കുന്നത്. പ്രകൃതിക്ഷോഭങ്ങൾക്ക് ഇരയായ ജനവിഭാഗങ്ങൾക്ക് ആശ്വാസം എത്തിക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടു. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ നയങ്ങൾ അതേപടി നടപ്പാക്കുന്ന യുഡിഎഫ് സർക്കാർ, സംഘപരിവാറിന് ദാസ്യവേല ചെയ്യുകയാണ്.
സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രി വിഡി സതീശന്റെയും തെറ്റായ നടപടികൾ ചൂണ്ടിക്കാണിക്കുന്ന മാധ്യമ വാർത്തകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുന്ന അധികാര പ്രയോഗത്തിന് കേരളം സാക്ഷ്യംവഹിക്കുകയാണ്.
അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന സെൻസർഷിപ്പിനാണ് കോൺഗ്രസ് സർക്കാർ ഇപ്പോൾ നേതൃത്വം നൽകുന്നത്. ജനങ്ങളെ ദുരിതത്തിൽനിന്ന് രക്ഷിക്കാനും ജനാധിപത്യ, മതനിരപേക്ഷ സംസ്കാരം കാത്തുസൂക്ഷിക്കാനുമുള്ള പോരാട്ടത്തിൽ എല്ലാവരും രംഗത്തിറങ്ങണം.
അതിജീവന പോരാട്ടങ്ങൾക്ക് എന്നും ഊർജ സ്രോതസ്സായ പി കൃഷ്ണപിള്ളയുടെ സ്മരണ എല്ലാ വെല്ലുവിളികളെയും നേരിടാൻ നമുക്ക് കരുത്തുപകരും. പാർടി ഓഫീസ് അലങ്കരിച്ചും പതാക ഉയർത്തിയും അനുസ്മരണ സമ്മേളനം നടത്തിയും പി കൃഷ്ണപിള്ളയുടെ സ്മരണ പുതുക്കാൻ സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്തു.










0 comments