print edition മാധ്യമവിലക്ക്; മെറ്റയോട് നിർദേശിച്ചത് സർക്കാർ തന്നെ

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിക്കുന്ന വാർത്തകൾ സമൂഹമാധ്യമത്തിൽനിന്ന് നീക്കുന്നത് പ്രാദേശികവും നിയമപരവുമായ ആവശ്യകതയുടെ അടിസ്ഥാനത്തിലാണെന്ന് മെറ്റ. ഇതോടെ തന്നെ വിമർശിക്കുന്ന പോസ്റ്റുകൾ വിലക്കുന്നതിൽ മുഖ്യമന്ത്രി വി ഡി സതീശനും കേരള സർക്കാരും ഇടപെടുന്നുവെന്ന് വ്യക്തമായി.
എന്നാൽ, സർക്കാരിനെതിരായ വിമർശങ്ങളടങ്ങിയ വാർത്തകൾ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളുടെ ഉടമകളായ മെറ്റ നീക്കം ചെയ്യുന്നുവെന്ന ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു. ‘ഉള്ളടക്കം നീക്കുന്നതിനെതിരെ മാധ്യമങ്ങൾ പരാതി നൽകിയാൽ അവർക്കൊപ്പം നിൽക്കും.
മാധ്യമങ്ങൾക്കെതിരെ ഒരു പരാതിയും നൽകിയിട്ടില്ല. സിഎംഒ കേരളം എന്ന ഒൗദ്യോഗിക പേജ് ഒഴിവാക്കിയത് തിരികെത്തരണമെന്ന് മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്’ എന്നാണ് സതീശൻ പറയുന്നത്. നുണേശൻ പേജ് പരാതി നൽകി പൂട്ടിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സതീശന് മറുപടിയുണ്ടായിരുന്നില്ല.
അതേസമയം, തനിക്കെതിരായ വാർത്തകളും പോസ്റ്റുകളും മെറ്റയെ ഉപയോഗിച്ച് സതീശൻ നീക്കം ചെയ്യിക്കുന്നത് മൂന്നാംദിവസവും തുടർന്നു. ദേശാഭിമാനി, കൈരളി, ന്യൂസ്‌മലയാളം, റിപ്പോർട്ടർ ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ വാർത്തകളും കാർഡുകളുമാണ് ചൊവ്വാഴ്‌ച മുതൽ സമൂഹമാധ്യമങ്ങളിൽ വിലക്കിയത്.
വ്യാഴാഴ്‌ച ദേശാഭിമാനിയുടെ നാല് വാർത്താകാർഡ് നീക്കി. രണ്ടെണ്ണം വി ഡി സതീശനും രണ്ടെണ്ണം മോദിക്കും എതിരെയുള്ള വിമർശമുള്ളതാണ്. സർക്കാരിനെതിരായ വാർത്തകളുടെ പേരിൽ ഓൺലൈൻ മാധ്യമമായ ടി 21ന്റെ ഫെയ്‌സ്‌ബുക്ക് പേജ് അപ്രത്യക്ഷമായിരുന്നു.
മെറ്റയ്ക്ക് പരാതി നൽകിയെങ്കിലും പേജ് തിരിച്ചു കിട്ടിയിട്ടില്ല. മാധ്യമ സെൻസർഷിപ്പിനെ വിമർശിച്ച പ്രതിപക്ഷനേതാവിന്റെ പ്രസ്‌താവന ഉള്ളടക്കമായ മാധ്യമങ്ങളുടെ സമൂഹമാധ്യമ കാർഡുകളും നീക്കിയിരുന്നു. വ്യക്തിഗത സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്നും വാർത്തകൾ നീക്കുന്നുണ്ട്.









0 comments