print edition മാധ്യമവേട്ടയിൽ മോദിവഴിയേ വിഡി സതീശനും

സ്വതന്ത്ര മാധ്യമപ്രവർത്തനം ജനാധിപത്യത്തിന്റെ ആണിക്കല്ലാണ്. അധികാരത്തെ ചോദ്യംചെയ്യാനുള്ള അവകാശം ഇല്ലാതാകുന്ന നിമിഷം ജനാധിപത്യത്തിന് അതിന്റെ ആത്മാവ് നഷ്ടപ്പെടുന്നു. ഭരണകൂടത്തെ വിമർശിക്കുന്ന ശബ്ദങ്ങളെ നിശ്ശബ്ദമാക്കുക എന്നത് കേവലം മാധ്യമസ്വാതന്ത്ര്യത്തിനുമേലുള്ള ആക്രമണമല്ല; ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനുമേലുള്ള കടന്നുകയറ്റംകൂടിയാണ്. അസഹിഷ്‌ണുതയും ജനാധിപത്യവിരുദ്ധതയും ഏകാധിപതികളുടെ മുഖമുദ്രയാണ്.
എതിരായുള്ള ഒരു പരാമർശംപോലും അവർ സഹിക്കില്ല, സത്യം വിളിച്ചുപറയുന്നവരെ വേട്ടയാടും. മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വാർത്ത നൽകിയ മാധ്യമപ്രവർത്തകരുടെയും മാധ്യമസ്ഥാപനങ്ങളുടെയും എത്രയോ ദുരനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. ബിജെപിയുടെ നവ ഫാസിസ്റ്റ് പ്രവണതകൾ കൂടുതൽ പ്രകടമായ മേഖലകൂടിയാണിത്. മോദിയുടെ മാധ്യമവേട്ടയിൽ ഏറ്റവും പുതിയതാണ് ജന്തർമന്തർ സമരവുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിക്കുന്ന സമൂഹമാധ്യമ പോസ്റ്റുകൾ കൂട്ടത്തോടെ നീക്കംചെയ്യാൻ കേന്ദ്രസർക്കാർ മെറ്റയിൽ സമ്മർദം ചെലുത്തിയത്. ഭീഷണിതന്നെയായിരുന്നു കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് മെറ്റയ്‌ക്കു നേരെ ഉണ്ടായത്.
ഇതിനുപിന്നാലെ ഫെയ്‌സ്‌ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽനിന്ന് നിരവധി പോസ്റ്റുകൾ നീക്കം ചെയ്‌തു.
തനിക്കെതിരായ വാർത്തകൾ നൽകുന്നവരെ വേട്ടയാടുന്ന മോദി സർക്കാരിന്റെ അതേ സമീപനമാണ് കേരളത്തിൽ വി ഡി സതീശൻ സർക്കാരും പിന്തുടരുന്നത്. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ തെരഞ്ഞെടുപ്പുകാലത്തെന്നപോലെ ഇപ്പോഴും യുഡിഎഫിനായി കുഴലൂത്ത് നടത്തുകയാണ്. ചുരുക്കം ചില മാധ്യമങ്ങളാണ് സർക്കാരിന്റെ വീഴ്‌ചകളെയും മാഫിയ ബന്ധങ്ങളെയും തുറന്നുകാട്ടുന്നത്.
സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ സമൂഹമാധ്യമങ്ങളിൽ വിമർശം അനുവദിക്കില്ലെന്ന ഭീഷണിയാണ് ഭരണാധികാരികളിൽനിന്നുണ്ടാകുന്നത്. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ സമൂഹമാധ്യമങ്ങളിലെ വാർത്തകളും കാർഡുകളും പോസ്റ്റുകളും നീക്കുന്നത് ഇതിന്റെ ഭാഗമാണ്. കേന്ദ്രസർക്കാരിന്റെ സഹായത്തോടെയാണ് ഫെയ്‌സ്‌ബുക്കിന്റെ മാതൃകമ്പനിയായ ‘മെറ്റ’ വഴിയുള്ള സെൻസർഷിപ്. സർക്കാർ ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഇൗ വാദം തെറ്റാണെന്ന രേഖകൾ പുറത്തുവന്നു. നിയമപരമായ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വാർത്തകൾ നീക്കം ചെയ്‌തതെന്നാണ് മെറ്റതന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. സർക്കാരോ കോടതികളോ നൽകുന്ന നിർദേശമാണ് സാധാരണയായി നിയമപരമായ അപേക്ഷയായി പരിഗണിക്കുന്നത്. കോടതിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നിരിക്കെ സംസ്ഥാന സർക്കാർ ഇടപെട്ടാണ് സമൂഹമാധ്യമങ്ങളിൽനിന്ന് മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്‌തതെന്ന് വ്യക്തമായിരിക്കുകയാണ്.
അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുംവിധം യുഡിഎഫ് സർക്കാരിന് മാധ്യമപ്പേടി പിടിപെട്ടിരിക്കുകയാണ്. 1975ലെ അടിയന്തരാവസ്ഥ ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു. പത്രങ്ങൾക്ക് സെൻസർഷിപ് ഏർപ്പെടുത്തിയ കാലം ജനാധിപത്യസ്ഥാപനങ്ങൾക്ക് എത്രത്തോളം മുറിവേൽക്കാമെന്ന് രാജ്യം അനുഭവിച്ചറിഞ്ഞതാണ്. ആ ചരിത്രം വീണ്ടും ആവർത്തിക്കുകയാണ് കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് സർക്കാർ. എംഡിഎംഎയുമായി കാസർകോട് കാലിക്കടവിൽ പിടിയിലായ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് വി ഡി സതീശനുമായി അടുത്ത ബന്ധമുള്ളതിന്റെ നിരവധി തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട വീഡിയോകളും വാർത്താ കാർഡുകളുമാണ് ഫെയ്‌സ്‌ബുക്കിൽനിന്ന് നീക്കിയത്. മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിക്കുന്ന വാർത്തകൾക്ക് മാത്രമല്ല, സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വസ്തുതകൾ പറയുന്ന വാർത്തകൾക്കും സെൻസർഷിപ്പുണ്ട്. ദേശാഭിമാനി, കൈരളി, ന്യൂസ്‌മലയാളം, റിപ്പോർട്ടർ ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ വാർത്തകളും കാർഡുകളും നീക്കി. മൂന്ന് ദിവസത്തിനിടെ ദേശാഭിമാനിയുടെ പത്തിലധികം വാർത്താ കാർഡുകൾ നീക്കി.
അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്ന മാധ്യമ സെൻസറിങ്ങാണ് ഡിജിറ്റൽ മേഖലയിൽ നടക്കുന്നത്. ഒരു വാർത്ത സർക്കാരിന് ഇഷ്ടപ്പെട്ടില്ല എന്നതുകൊണ്ട് ഒൗദ്യോഗിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി സമൂഹമാധ്യമങ്ങളിൽനിന്ന് അത് നീക്കംചെയ്യാൻ ശ്രമിക്കുന്നത് ഫാസിസ്റ്റ് നടപടിയാണ്. വാർത്താ വീഡിയോകളും വാർത്താ കാർഡുകളും നീക്കംചെയ്യുന്നതിന് വ്യക്തമായ കാരണങ്ങൾ ഉണ്ടായിരിക്കണം. ഇതിന് സർക്കാർ നിർദേശവും പ്ലാറ്റ്ഫോമിന്റെ നടപടിയിൽ വ്യക്തമായ സുതാര്യതയും വേണം.
എന്ത് ഉള്ളടക്കമാണ് നിയമവിരുദ്ധമെന്ന്, ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന്, ആരാണ് പരാതി നൽകിയതെന്ന്, എന്താണ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതെന്ന് പൊതുജനത്തിന് അറിയാൻ അവകാശമുണ്ട്. മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന ഓരോ ശ്രമവും അതുകൊണ്ട് മാധ്യമപ്രവർത്തകരുടെമാത്രം പ്രശ്നമല്ല. അത് ഓരോ പൗരന്റെയും അവകാശത്തിന്റെ പ്രശ്നമാണ്. ഒരു പോസ്റ്റ് അപ്രത്യക്ഷമാക്കാം, പക്ഷേ ചോദ്യം ചോദിക്കുന്ന ജനാധിപത്യ മനസ്സിനെ സെൻസർ ചെയ്യാനാകില്ലെന്ന യാഥാർഥ്യം വി ഡി സതീശൻ സർക്കാർ തിരിച്ചറിയുന്നത് നല്ലതാണ്.









0 comments