ad
Deshabhimani

print edition ജോസഫ്‌ ഗ്രൂപ്പിനെ 6 സീറ്റിലൊതുക്കാൻ കോൺഗ്രസ്‌

p j joseph
avatar
മുഹമ്മദ്‌ ഹാഷിം

Published on Feb 27, 2026, 03:23 AM | 2 min read


കോട്ടയം

നിയമസഭാ തെരഞ്ഞെടുപ്പിൽ പി ജെ ജോസഫ്‌ നയിക്കുന്ന കേരള കോൺഗ്രസിനെ ആറ്‌ സീറ്റിലൊതുക്കാൻ കോൺഗ്രസ്‌ നേതൃത്വം. ജോസഫ് വിഭാഗം കഴിഞ്ഞതവണ മത്സരിച്ച സീറ്റുകളിൽ അവകാശവാദം ഉന്നയിക്കാൻ വിവിധ ഡിസിസികൾക്ക്‌ ‘ക്വട്ടേഷൻ’ നൽകിയിരിക്കുകയാണ്‌.


കോട്ടയം, ഇടുക്കി, തൃശൂർ, ആലപ്പുഴ, കാസർകോട്‌ ജില്ലകളിലെ സീറ്റുകളിലാണ് കോൺഗ്രസ്‌ നേതാക്കളും യൂത്ത്‌ കോൺഗ്രസും പരസ്യമായി ആവശ്യമുന്നയിക്കുന്നത്‌. മത്സരിച്ച 10 സീറ്റുകളിൽ ഒരു വിട്ടുവീഴ്‌ചയുമില്ലെന്നാണ്‌ ചെയർമാൻ പി ജെ ജോസഫിന്റെ നിലപാട്‌. ഏറ്റുമാനൂർ, കടുത്തുരുത്തി, ചങ്ങനാശേരി, ഇടുക്കി, തൊടുപുഴ, കുട്ടനാട്‌, തിരുവല്ല, കോതമംഗലം, ഇരിങ്ങാലക്കുട, തൃക്കരിപ്പൂർ സീറ്റുകളിലാണ്‌ കഴിഞ്ഞതവണ മത്സരിച്ചത്‌.


ഏറ്റുമാനൂർ, ചങ്ങനാശേരി, ഇടുക്കി, കുട്ടനാട്‌, ഇരിങ്ങാലക്കുട സീറ്റുകളാണ്‌ കോൺഗ്രസ്‌ അവകാശപ്പെടുന്നത്‌. തൃക്കരിപ്പൂർ നൽകാൻ ജോസഫ്‌ വിഭാഗം തയ്യാറാണ്‌.

സീറ്റ്‌ വിഭജനത്തിൽ ഒരുതവണ ആശയവിനിമയം നടന്നെങ്കിലും പിന്നീട്‌ ഒന്നുമുണ്ടായില്ലെന്ന്‌ ജോസഫ്‌ വിഭാഗം നേതാക്കൾ ആരോപിക്കുന്നു. പുതുയുഗ യാത്രക്കിടയിൽ കോട്ടയത്ത്‌ ചർച്ച നടക്കുമെന്ന്‌ പറഞ്ഞെങ്കിലും അതുമുണ്ടായില്ല. ജോസഫിന്റെ നിലപാടാണ്‌ ചർച്ച വഴിമുട്ടിച്ചതെന്നാണ്‌ കോൺഗ്രസിന്റെ വാദം. കോട്ടയം ലോക്‌സഭാ സീറ്റ്‌ വിട്ടുനൽകിയത്‌ ഏറ്റുമാനൂർ, ചങ്ങനാശേരി സീറ്റുകൾ നൽകാമെന്ന ധാരണയിലാണെന്നാണ്‌ കോൺഗ്രസിന്റെ മറുപടി.


തോമസ്‌ ഉണ്ണിയാടനെതിരെ പടയൊരുക്കം

കേരള കോൺഗ്രസ്‌ ജോസഫ്‌ വിഭാഗത്തിന്‌ അനുവദിച്ച ഇരിങ്ങാലക്കുട സീറ്റ്‌ തട്ടിയെടുത്ത്‌ തോമസ്‌ ഉണ്ണിയാടനെ പുകയ്‌ക്കാൻ കോൺഗ്രസിനുള്ളിൽ പടയൊരുക്കം. കേരള കോൺഗ്രസ്‌ ജോസഫ്‌ ഡെപ്യൂട്ടി ചെയർമാനായ ഉണ്ണിയാടനെതിരെ മണ്ഡലം കേന്ദ്രീകരിച്ചാണ് നീക്കങ്ങൾ നടക്കുന്നത്‌.


മൂന്നു തവണ ഇരിങ്ങാലക്കുട എംഎൽഎയായിരുന്ന ഉണ്ണിയാടൻ, കഴിഞ്ഞ രണ്ടുതവണ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. അതിനാല്‍ സീറ്റ്‌ കോൺഗ്രസ്‌ ഏറ്റെടുക്കണമെന്ന്‌ ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറിയും ഇരിങ്ങാലക്കുട സ്വദേശിയുമായ എം പി ജാക്‌സൻ പരസ്യമായി രംഗത്തെത്തി. ഇ‍ൗ ആവശ്യം ഉന്നയിച്ച്‌ കെപിസിസിക്ക്‌ കത്തും അയച്ചു. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് യൂത്ത് കോൺഗ്രസും ആവശ്യപ്പെട്ടു. യുഡിഎഫ്‌ യാത്ര ഇരിങ്ങാലക്കുടയിൽ എത്തിയപ്പോൾ ഇതാവശ്യപ്പെട്ട്‌ വി ഡി സതീശന് കത്തും നൽകി. ഉണ്ണിയാടൻ സ്ഥാനാർഥിയായാൽ യൂത്ത് കോൺഗ്രസ് സ്വന്തം സ്ഥാനാർഥിയെ നിർത്തുമെന്നും ഭീഷണി മുഴക്കി. ഇരിങ്ങാലക്കുടയിലെ യുഡിഎഫ്‌ യാത്രയിലും ഉണ്ണിയാടനെ തഴഞ്ഞിരുന്നു. ‘ഇനിയും തോൽക്കാനായി ഉണ്ണിക്ക്‌ സീറ്റില്ല’ എന്നെഴുതിയ സേവ്‌ യുഡിഎഫ്‌, സേവ്‌ കോൺഗ്രസിന്റെ പേരിലുള്ള പോസ്‌റ്ററുകളും ഇരിങ്ങാലക്കുടയിൽ വ്യാപകമായി പതിച്ചു. ഇതിനിടെ കേരള കോൺഗ്രസ്‌ ജോസഫ്‌ വിഭാഗത്തിലെ ഒരു വിഭാഗവും ഉണ്ണിയാടനെതിരെ കരുനീക്കങ്ങൾ തുടങ്ങി. ഇരിങ്ങാലക്കുടയ്‌ക്ക്‌ പകരം വടക്കാഞ്ചേരി സീറ്റ്‌ വാങ്ങി ജില്ലാ പ്രസിഡന്റ്‌ സി വി കുര്യാക്കോസിനെ മത്സരിപ്പിക്കണമന്നാണ്‌ ഇവരുടെ ആവശ്യം. തെരഞ്ഞെടുപ്പ് ഹരമായി കാണുന്നവരെ സ്ഥാനാര്‍ഥികളായി പരിഗണിക്കരുതെന്ന്‌ കേരള കോൺഗ്രസ്‌ ജോസഫ്‌ വിഭാഗം ജില്ലാകമ്മിറ്റി പരസ്യ പ്രസ്താവനയും ഇറക്കി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home