മതവിദ്വേഷ പ്രസംഗം ; പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ ഹെെക്കോടതിയിൽ

കൊച്ചി
നിരന്തരം മതവിദ്വേഷ പരാമർശം നടത്തി ജാമ്യവ്യവസ്ഥ ലംഘിച്ച ബിജെപി നേതാവ് പി സി ജോർജിന്റെ ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് സർക്കാർ ഹെെക്കോടതിയിൽ ഹർജി നൽകി. പി സി ജോർജിന് നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു.
പാലാരിവട്ടം പൊലീസ് 2022ൽ രജിസ്റ്റർചെയ്ത കേസിലെ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം. സമാന കുറ്റം ആവർത്തിച്ചാൽ ജാമ്യം റദ്ദാക്കുമെന്നായിരുന്നു വ്യവസ്ഥ.
അടിയന്തരാവസ്ഥ വാർഷികദിനത്തിൽ ഇടുക്കിയിൽ പി സി ജോർജ് വീണ്ടും മതവിദ്വേഷ പരാമർശം നടത്തി. കേസെടുക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചായിരുന്നു പ്രസംഗം. മുസ്ലിം ജനസമൂഹത്തെ മോശമായി പരാമർശിച്ചായിരുന്നു സംസാരം. ഇതിന്റെ പേരിൽ കേസെടുത്താലും പ്രശ്നമില്ലെന്നും കോടതിയിൽ തീർത്തോളാമെന്നുമായിരുന്നു വെല്ലുവിളി. മുസ്ലിങ്ങൾ വർഗീയവാദികളാണെന്നും പാകിസ്ഥാനിലേക്ക് പോകണമെന്നും ചാനൽചർച്ചയിൽ പരാമർശിച്ചതിനാണ് നേരത്തേ പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നത്.
നിരന്തരം മതവിദ്വേഷപ്രസംഗം നടത്തിയ വ്യക്തിക്ക് ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശമാകുമെന്ന് അന്ന് ജാമ്യഹർജി പരിഗണിക്കവെ കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ, സമാന കുറ്റകൃത്യം പി സി ജോർജ് ഈരാറ്റുപേട്ടയിലും ആവർത്തിക്കുകയായിരുന്നു. അതിലും കേസെടുത്തിട്ടുണ്ട്.









0 comments