‘രാഷ്‌ട്രീയ കവലച്ചട്ടമ്പിമാർ എന്തും ചെയ്യാമെന്ന് ധരിക്കരുത്’: പി സി ജോർജിന് പരോക്ഷ മറുപടി

കോട്ടയം: ഏത് രാഷ്‌ട്രീയ അവസാരവാദി മുണ്ട് മടക്കിക്കുത്തിയാലും നിലപാട് മാറ്റില്ലെന്ന് കത്തോലിക്കാസഭ മുഖപത്രം "ദീപിക'. ശനിയാഴ്‌ചത്തെ മുഖപ്രസംഗത്തിലാണ് ബിജെപി നേതാവ് പി സി ജോർജിന്റെ പരാമർശങ്ങൾക്ക് പരോക്ഷ മറുപടിയുമായി ദീപിക എത്തിയത്.
"സഭയ്‌ക്കില്ല ഹിംസയുടെ കുപ്പിണിപ്പട്ടാളം' എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിൽനിന്ന്: അക്രമത്തിനുള്ള ബ്ലാങ്ക് ചെക്ക് ആർക്കുമില്ല. അത് യുദ്ധക്കൊതിയനായ ട്രംപിനായാലും വർഗീയതയുടെ ഏജന്റുമാരായ കേരളത്തിലെ രാഷ്‌ട്രീയ കവലച്ചട്ടമ്പിമാർക്കായാലും.
ആൾക്കൂട്ടവിചാരണയ്‌ക്കും അടിച്ചമർത്തലിനും നിയമങ്ങൾ പാസാക്കുമ്പോൾ, അത് ബാധിക്കുന്നവർ മിണ്ടാതിരിക്കണമെന്നാണ് പറയുന്നത്. പാർലമെന്റിൽപോലും ചർച്ച ചെയ്യില്ല. ഞങ്ങൾ നടപ്പിലാക്കും, നിങ്ങളാരാ ചോദിക്കാൻ, നിന്നെയൊക്കെ ചുമക്കുന്നെന്നേയുള്ളൂ, അടങ്ങിയിരുന്നോണം, കാണിച്ചുതരാം എന്നിങ്ങനെയാണ് മറുപടി.
ഇൗ ഭീഷണികൾ ചരിത്രത്തിൽ ആദ്യത്തേതോ അവസാനത്തേതോ അല്ല. എല്ലാവർക്കും വേണ്ടിയാണെന്നു പറഞ്ഞ് പാസാക്കുന്ന നിയമങ്ങൾ ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്. എഫ്‌സിആർഎയെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന ഭീഷണിയുമായി ഏത് രാഷ്‌ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തിവന്നാലും ഇതുതന്നെയായിരിക്കും നിലപാട്. രാഷ്‌ട്രീയം ദുഷിപ്പുകാർ തട്ടിപ്പറിക്കരുത്’– മുഖപ്രസംഗത്തിൽ പറയുന്നു.










0 comments