അരൂരിലെ അപകടം ഗൗരവതരം; അടിയന്തരമായി ഇടപെടണമെന്ന് എൻഎച്ച്എഐയോട് ആവശ്യപ്പെട്ടു: മന്ത്രി റിയാസ്

പി എ മുഹമ്മദ് റിയാസ് (ഇടത്), അപകടത്തിൽപ്പെട്ട പിക്കപ്പ് വാൻ (വലത്)
കോഴിക്കോട്: ആലപ്പുഴ അരൂരിൽ ദേശീയപാതയുടെ ഭാഗമായി നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡർ തകർന്നുവീണ് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചസംഭവം ഏറെ ഗൗരവതരമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അപകടവിവരം അറിഞ്ഞ ഉടൻതന്നെ ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ)യുടെ ശ്രദ്ധയിൽപ്പെടുത്തി. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും വീഴ്ചകൾ പരിശോധിച്ച് ഇനി ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടെന്ന് മന്ത്രി റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
വ്യാഴം പുലർച്ചെ മൂന്നോടെയാണ് അപകടം. ഗർഡർ കയറ്റുന്നതിനിടെ പാലത്തിന് അടിയിലൂടെ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിന് മുകളിലേക്ക് വീഴുകയായിരുന്നു. പിക്കപ്പ് വാന്‍ ഡ്രൈവറായ ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. 8,000 കിലോ ഭാരമുള്ള ഗർഡർ ആണ് പതിച്ചത്. ഒരു ഗർഡർ പൂർണമായി നിലംപതിച്ചു. ഒരെണ്ണം ചരിഞ്ഞ നിലയിലാണ്. അശോക ബിൽഡേഴ്സാണ് ഈ റീച്ചിന്റെ കരാർ ഏറ്റെടുത്തിരിക്കുന്നത്.









0 comments