തമിഴ്നാട്ടിലേക്ക് റേഷനരി കടത്ത് വ്യാപകം; തിരുവനന്തപുരത്ത് 10 ടണ്ണിലധികം റേഷനരി പിടികൂടി

പനച്ചമൂട്ടിലെ ഗോഡൗണില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

സ്വന്തം ലേഖകൻ
Published on Sep 09, 2026, 07:26 AM | 1 min read
വെള്ളറട : തിരുവനന്തപുരത്ത് അതിർത്തി കടത്തി തമിഴ്‌നാട്ടിലേക്ക് കടത്താനും കരിഞ്ചന്തയിൽ മറിച്ചുവിൽക്കാനുമായി സൂക്ഷിച്ചിരുന്ന 10 ടണ്ണിലധികം റേഷൻ അരി ഭക്ഷ്യ പൊതുവിതരണവകുപ്പും പൊലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ പിടിച്ചെടുത്തു. പനച്ചമൂട് ജങ്ഷനുസമീപത്തെ സ്വകാര്യ സ്ഥാപനത്തിൽനിന്നും വെള്ളറട പഞ്ചായത്ത് ഓഫീസിനുസമീപമുള്ള ഗോഡൗണിൽനിന്നുമാണ് അരി പിടിച്ചെടുത്തത്. രണ്ട് ഗോഡൗണുകളും ഉദ്യോഗസ്ഥർ പൂട്ടി മുദ്രവച്ചു.
തമിഴ്‌നാട്ടിലേക്ക് വൻതോതിൽ റേഷൻ അരി കടത്തുന്നതായും അനധികൃതമായി സംഭരിക്കുന്നതായും ജില്ലാ റേഷനിങ് ഓഫീസർ സ്മിതയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പനച്ചമൂട്ടിലെ ‘അൽ അമീൻ ട്രേഡേഴ്‌സ്' എന്ന സ്ഥാപനത്തിൽ നിർത്തിയിട്ട ലോറിയിലെ 151 ചാക്കുകളിൽ സൂക്ഷിച്ച 7500 കിലോ അരിയും ഗോഡൗണിൽനിന്നുള്ള 2500 കിലോ അരിയും ഉദ്യോഗസ്ഥർ കണ്ടെടുത്തു. സമീപത്തെ ഷമീർ എന്നയാളുടെ ഗോഡൗണിൽനിന്ന് 60 ചാക്ക് റേഷൻ അരിയും പിടിച്ചെടുത്തു. പ്ലാസ്റ്റിക് ചാക്കുകളിലാക്കി ലോറികളിൽ കയറ്റി കടത്താൻ പൂർണ സജ്ജമാക്കിയ നിലയിലായിരുന്നു അരിശേഖരം.
ജില്ലാ റേഷനിങ് ഓഫീസർ സ്മിത, താലൂക്ക് സപ്ലൈ ഓഫീസർ മനു, തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസർ ബൈജു, ദക്ഷിണമേഖലാ റേഷനിങ് കൺട്രോളിങ് ഇൻസ്പെക്ടർ സജാദ്, റേഷനിങ് ഇൻസ്പെക്ടർമാർ, സിവിൽ സപ്ലൈസ് വിജിലൻസ് ഉദ്യോഗസ്ഥർ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി. വെള്ളറട പൊലീസിന്റെയും സ്പെഷ്യൽ ബ്രാഞ്ചിന്റെയും ശക്തമായ സുരക്ഷാവലയത്തിലായിരുന്നു റെയ്ഡ്. പിടിച്ചെടുത്ത റേഷൻ അരി തുടർനടപടികൾക്കായി സിവിൽ സപ്ലൈസ് വകുപ്പിന്റെ ഡിപ്പോയിലേക്കും വെള്ളറട പൊലീസിനും കൈമാറി. നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് കലക്ടർക്ക് സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.









0 comments