ബിജെപി ഏജന്റായി പ്രവർത്തിക്കുന്ന ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; 29ന് എൽഡിഎഫ് പ്രക്ഷോഭം

തിരുവനന്തപുരം: ബിജെപി ഏജന്റായി പ്രവർത്തിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സെപ്തംബർ 29ന് എൽഡിഎഫ് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ നടത്തും. ഗ്യാനേഷ് കുമാറിനെ തൽസ്ഥാനത്തുനിന്ന് പുറത്താക്കുകയും കമീഷണർ പദവിയിലിരുന്ന് നടത്തിയ ഗുരുതര ക്രമക്കേടുകളെകുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ ഭഗത് സിംഗ് ജന്മദിനമായ സെപ്തംബർ 27 മുതൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട് വരെ രാജ്യവ്യാപകമായി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഈ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കേരളത്തിൽ എൽഡിഎഫ് നേതൃത്വത്തിൽ പ്രതിഷേധം നടത്തുന്നത്. പ്രക്ഷോഭം വിജയിപ്പിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
എല്ലാ പൗരന്മാർക്കും വോട്ടവകാശം ഉറപ്പുവരുത്തിക്കൊണ്ട് ഇടപെടേണ്ട മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സംഘപരിവാറിന്റെ കുഴലൂത്തുകാരനായി മാറിയിരിക്കുകയാണ്. 2002- 2003 വരെ തെരഞ്ഞെടുപ്പ് നടപടിക്രമം പ്രകാരം ഒരു വോട്ടർ തന്റെ പേര് പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതില്ലായിരുന്നു. എന്നാൽ ഇതിൽ ഏകപക്ഷീയമായി മാറ്റം വരുത്തുകയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ചെയ്തത്. നിർദ്ദിഷ്ട അപേക്ഷാ ഫോമിനോടൊപ്പം 11 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലുമൊന്ന് ആവശ്യമാണെന്ന് നിശ്ചയിക്കുകയും ചെയ്തു. രേഖകൾ സമർപ്പിക്കുന്നതിന് ആവശ്യമായ സമയം അനുവദിക്കാനും തയ്യാറായില്ല.
മുൻകാലങ്ങളിൽ ഇത്തരം മാറ്റങ്ങൾ വരുത്തുമ്പോൾ രാഷ്ട്രീയ പാർടികളുമായി സമവായം ഉണ്ടാക്കുമായിരുന്നു. ഇതിനെ അട്ടിമറിച്ചുകൊണ്ടുള്ള ഈ നടപടിയിലൂടെ വോട്ടർ പട്ടികയിൽ നിന്നും 13 കോടി 37 ലക്ഷം വോട്ടർമാരെ വെട്ടിനീക്കുകയാണ് ചെയ്തത്. ബീഹാറിലെ 65 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടി നീക്കിയാണ് ബിജെപിയ്ക്ക് വിജയിക്കാൻ അവിടെ കളമൊരുക്കിയത്. നിയമ വിരുദ്ധവും ഏകപക്ഷീയവുമായ മുഖ്യ
തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ പ്രവർത്തനങ്ങളോട് സഹപ്രവർത്തകരായ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ പത്ത് മാസക്കാലത്തിനിടയ്ക്ക് 14 തവണയാണ് രേഖാമൂലം വിയോജിപ്പ് പ്രകടിപ്പിച്ചത്.
എന്നാൽ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇത് ചെവിക്കൊള്ളാൻ തയ്യാറായില്ല. വോട്ടർ പട്ടിക തയ്യാറാക്കുന്നതിന് കേന്ദ്രീകൃതമായ പുതിയ സംവിധാനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐ.ടി മേധാവിയുടെ കീഴിൽ മറ്റ് കമീഷൻ അംഗങ്ങളെ അറിയിക്കാതെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ നടപ്പിലാക്കി. തന്റെ ഇഷ്ടക്കാരനായ പുതിയ ഐടി മേധാവിയെ അവിടെ നിയമിക്കുകയും നേരിട്ട് തനിക്ക് മാത്രം റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിലൂടെ വികേന്ദ്രീകൃതമായി വോട്ട് ചേർക്കുന്ന നിലവിലുള്ള രീതി അട്ടിമറിക്കപ്പെട്ടു. യാതൊരുവിധ ഓഡിറ്റിംഗും കൂടാതെ കേന്ദ്രത്തിൽ നിന്നും വോട്ടർ പട്ടിക തയ്യാറാക്കാനും താഴെതട്ടിൽ അറിയാതെതന്നെ പേരുകൾ ചേർക്കുകയോ നീക്കുകയോ ചെയ്യാനും ഇതിലൂടെ അവർക്ക് സാധിച്ചു. ഇങ്ങനെ
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറും ശിങ്കിടികളും ബിജെപിയുടെ താൽപര്യത്തിനനുസരിച്ച് വോട്ടർ പട്ടിക തയ്യാറാക്കി അവർക്ക് വിജയം ഉറപ്പാക്കുകയാണ് ചെയ്തത്. ഇത്തരത്തിൽ പൗരന്റെ ജനാധിപത്യ അവകാശത്തെ ഇല്ലാതാക്കുകയും രാജ്യത്തിന്റെ ജനാധിപത്യ ഘടനയാകെ തകർക്കുകയും ചെയ്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് തൽസ്ഥാനത്ത് തുടരാൻ അവകാശമില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.










0 comments