2035ൽ സ്വന്തം ബഹിരാകാശ നിലയം: ഡോ. വി നാരായണൻ

കൊച്ചി: സ്വന്തം ബഹിരാകാശ നിലയമെന്ന സ്വപ്‌നം 2035ഓടെ ഇന്ത്യ സാക്ഷാൽക്കരിക്കുമെന്ന് ഐഎസ്‌ആർഒ ചെയർമാൻ ഡോ. വി നാരായണൻ. 2040ഓടെ ചന്ദ്രനിലേക്ക് മനുഷ്യനെ അയയ്‌ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്‌സ് ഇന്ത്യ (ഐഇഐ) കൊച്ചി കേന്ദ്രം സംഘടിപ്പിച്ച 58–-ാമത് എൻജിനിയേഴ്‌സ് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോവിയറ്റ് യൂണിയന്റെ സഹായത്തോടെ വിക്ഷേപിച്ച ആര്യഭട്ട മുതൽ ബഹിരാകാശരംഗത്ത് നിർണായക മുന്നേറ്റം നടത്തി വികസിത രാജ്യങ്ങൾക്കൊപ്പം ഇടംപിടിക്കാൻ രാജ്യത്തിനായി. ചാന്ദ്രയാൻ– 3ലൂടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമായി ലാൻഡ് ചെയ്ത രാഷ്ട്രമായി. ഭ്രമണപഥത്തിൽ 28,500 കീലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചിരുന്ന രണ്ട് കൃത്രിമോപഗ്രഹങ്ങളുടെ ഡോക്കിങ്ങും അൺഡോക്കിങ്ങും വിജയകരമായി നടത്തി. നാസയുമായി ചേർന്നുള്ള നൈസാർ ദൗത്യമടക്കം നടക്കാനിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ വിവിധ എൻജിനിയറിങ് കോളേജ് വിദ്യാർഥികളുമായി അദ്ദേഹം സംവദിച്ചു. എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. കെ ശിവപ്രസാദ്, ഐഇഐ കൊച്ചി ചെയർമാൻ ജി വേലായുധൻ നായർ, സെക്രട്ടറി ടി സി പ്രശാന്ത്, ദേശീയ വൈസ് പ്രസിഡന്റ് കെ കെ ഗോപാലകൃഷ്ണൻ നായർ, ഡോ. ജി മധു, പി രത്നാകര റാവു എന്നിവർ സംസാരിച്ചു. ഇന്ത്യൻ എൻജിനിയറിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്ന സർ മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മദിനമാണ് ഇന്ത്യയിൽ എൻജിനിയേഴ്‌സ് ദിനമായി ആചരിക്കുന്നത്.








0 comments