print edition 5 പേർക്ക് പുതുജീവനേകി മുരുകൻ പനവിള

തിരുവനന്തപുരം: മസ്തിഷ്കമരണം സംഭവിച്ച സീരിയൽ, -നാടക നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ മുരുകൻ പനവിളയുടെ (46) അവയവങ്ങൾ അഞ്ചുപേർക്ക് ദാനം ചെയ്തു. കരൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ, ചർമം എന്നിവയാണ് ദാനംചെയ്തത്. ചെമ്പഴന്തി ഉളിയാഴ്ത്തുറ പനവിളവീട്ടിൽ മുരുകനെ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അവിടെവച്ച് മസ്തിഷ്കമരണം സംഭവിച്ചതിനെ തുടർന്നാണ് അവയവങ്ങൾ ദാനംചെയ്തത്.
കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലുള്ള രോഗിക്കും ഹൃദയവാൽവ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലുള്ളയാൾക്കും നേത്രപടലങ്ങൾ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താൽമോളജിക്കും കൈമാറി. ചർമം തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്കിൻ ബാങ്കിലേക്കാണ് നൽകിയത്.
വൃക്കകളും ഹൃദയവുമടക്കം ദാനംചെയ്യാൻ കുടുംബം സന്നദ്ധമായിരുന്നു. വൃക്കകൾക്ക് പ്രവർത്തനക്ഷമത കുറവായിരുന്നതിനാലും ഹൃദയപേശികൾക്ക് തകരാറുണ്ടായിരുന്നതിനാലും ഇവ രണ്ടും എടുക്കാനായില്ല.
കോഴിക്കോട് വടകരയിൽ റിഹേഴ്സലിനിടെ 21- പുലർച്ചെയാണ് ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. പുലർച്ചെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും വൈകുന്നേരത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ശനി പകൽ 2.30നാണ് മസ്തിഷ്കമരണം സ്ഥിരീകരിച്ചത്.










0 comments