ad
Deshabhimani

print edition ജൈവ പച്ചക്കറിയിൽ വിജയഗാഥ: ഗോത്രക്കൂട്ടായ്‌മയിൽ ചോലവയലിൽ നൂറുമേനി

Cholavayal’s Collective Farming.jpg

ചോലവയലിൽ പച്ചക്കറി വിളവെടുക്കുന്ന ഗോത്രവനിതകൾ

avatar
സ്വന്തം ലേഖകൻ

Published on Apr 15, 2026, 12:32 AM | 1 min read

കൽപ്പറ്റ: രണ്ടര ഏക്കറിലെ ജൈവ പച്ചക്കറി വിളവെടുക്കുന്ന തിരക്കിലാണ് കൽപ്പറ്റ മടിയൂർക്കുനി ചോലവയൽ ഉന്നതിയിലെ കുടുംബങ്ങൾ. ഇവർ വിളയിച്ച പച്ചക്കറി ഉന്നതിയിലെയും സമീപ വീടുകളിലെയും വിഷുസദ്യയിലെ വിഭവങ്ങളാകും. ചീര, പയർ, വെണ്ട, വെള്ളരി, മുളക്‌, കാബേജ്, വഴുതന എന്നിവയെല്ലാം നൂറുമേനി വിളഞ്ഞു. മാസങ്ങൾക്കുമുന്പുവരെ ഒരാൾ പൊക്കത്തിൽ കാടുമൂടിയിരുന്ന നിലമാണിവർ ജൈവ പച്ചക്കറിത്തോട്ടമാക്കിയത്‌. പച്ചക്കറി വാങ്ങാൻ പ്രദേശവാസികൾ കൂട്ടത്തോടെ എത്തുന്നു.


തക്കാളി, മത്തൻ, വെള്ളരി, വള്ളി ബീൻസ്, ബ്രോക്കോളി, കോളിഫ്ലവർ, എന്നിവയെല്ലാം വിളയുന്നുണ്ട്‌. പാല, ഗോപാലൻ, ചീമ, ശരത്ത്, തങ്ക എന്നിവരുടെ നേതൃത്വത്തിൽ പണിയ ഉന്നതിയിലെ എട്ട്‌ കുടുംബങ്ങളിലുള്ളവരാണ്‌ കൃഷിയിറക്കിയത്‌. കുട്ടികളും സ്‌ത്രീകളുമെല്ലാം പണിക്കിറങ്ങി. കടുത്ത വേനലിനെയും തോൽപ്പിച്ചാണ്‌ കൃഷി. രൂക്ഷമായ കുരങ്ങുശല്യത്തിനെതിരെ രാപകൽ കാവലിരുന്നു. പ്രദേശത്തെ ചോലവയൽ കുടുംബത്തിന്റെ ഭൂമിയാണ് കൃഷിക്ക്‌ സൗജന്യമായി വിട്ടുനൽകിയത്. സ്ഥലം ഒരുക്കുന്നതിനും സഹായിച്ചു. കൃഷിഭവന്റെ പങ്കാളിത്തത്തോടെ വിത്തും തൈകളും എത്തിച്ചുനൽകി.


ജൈവ കാർഷിക സംസ്കാരത്തിന്റെയും കൂട്ടുകൃഷിയുടെയും പുതിയ വിജയഗാഥ തീർക്കുകയാണ് ഇ‍ൗ ഗോത്ര കുടുംബങ്ങൾ. പകൽ പുറംപണിക്കുപോകുന്ന ഇവർ രാവിലെയും വൈകിട്ടുമാണ്‌ പച്ചക്കറിക്കായി ജോലിചെയ്‌തത്‌. വേനൽ കനത്തതോടെ കൃഷിയിടത്തിൽത്തന്നെ കുളംകുഴിച്ച്‌ വിളകൾ നനച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ സി കെ ശശീന്ദ്രൻ ആദ്യ വിൽപ്പന നിർവഹിച്ചു. കഠിനാധ്വാനത്തിലൂടെ നൂറുമേനി വിളയിച്ച്‌ വരുമാനം ഉറപ്പാക്കിയതിന്റെ ആഹ്ലാദത്തിലാണ്‌ ഗോത്ര കുടുംബങ്ങൾ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home